പത്തനംതിട്ട: വായ്പൂരില്‍ അതിഥി തൊഴിലാളി റോഡിലൂടെ വന്ന കാര്‍ അടിച്ച് തകര്‍ത്തു. വായ്പൂര് കുളങ്ങരക്കാവ് ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോഴാണ് അതുവഴിയെത്തിയ കാര്‍ അടിച്ചുതകര്‍ത്തത്.
പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. വായ്പൂര് സ്വദേശി സാലി ഖാന്റെ കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പെരുമ്പെട്ടി പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
അതേസമയം, കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകക്കേസില്‍ കുറ്റവാളി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷയ്ക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു അതിഥിതൊഴിലാളിയായ പ്രതിയുടെ ആവശ്യം.
വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയും കോടതി പരിഗണിച്ചു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്.