CrimeNEWS

കശ്മീരില്‍ ബിജെപി മുന്‍ സര്‍പഞ്ച് കൊല്ലപ്പെട്ടു; ദമ്പതികള്‍ക്ക് നേരെയും വെടിവയ്പ്പ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ബിജെപി മുന്‍ സര്‍പഞ്ച് കൊല്ലപ്പെട്ടു. അനന്ത്‌നാഗില്‍ ജയ്പുര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയും വെടിവയ്പ്പുണ്ടായി. ഷോപ്പിയാനിലെ ഹിര്‍പോറയില്‍ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുന്‍ ബിജെപി സര്‍പഞ്ചിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പരുക്കേറ്റ ദമ്പതികളായ തബ്രേസിന്റെയും ഫര്‍ഹയുടെയും ആരോഗ്യനില ഗുരുതരമാണ്. അനന്ത്‌നാഗിലെ യന്നാറില്‍ വച്ചാണ് ഇവര്‍ക്ക് വെടിയേറ്റത്. പ്രദേശം കശ്മീര്‍ പൊലീസ് വളഞ്ഞിരിക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്രമണങ്ങളെ അപലപിച്ചു.

Signature-ad

ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്ത്നാഗ്-രജൗരി സീറ്റില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. ”ക്രൂരമായ സംഭവങ്ങള്‍ ജമ്മു കശ്മീരില്‍ ദീര്‍ഘകാല സമാധാനം കൈവരിക്കുന്നതിന് തടസമായി വരുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനും ശാശ്വതമായ ഐക്യത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും എല്ലാവരും തയാറാകണം. ചിന്തകളും പ്രാര്‍ഥനകളും ഇരകള്‍ക്കൊപ്പമാണ്” നാഷണല്‍ കോണ്‍ഫറന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപിയുടെ ധീരനായ പോരാളിയായിരുന്നു ഐജാസെന്ന് ബിജെപി തങ്ങളുടെ അനുശോചന കുറിപ്പില്‍ പറയുന്നു.

 

 

Back to top button
error: