കവറിൽ അവകാശപ്പെടുന്ന തൂക്കം ബിസ്കറ്റിൽ കുറവ് വന്നതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നൽകി ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് പ്രമുഖ ബിസ്കറ്റ് കമ്പനിയായ ബ്രിട്ടാനിയയ്ക്ക്, 50000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയത്. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം ബിസ്കറ്റിന്റെ കുറവാണ് ഉണ്ടായിരുന്നത്.
ബ്രിട്ടാനിയയും ബിസ്കറ്റ് വിറ്റ കടയുടമയും ചേർന്ന് ഉപഭോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണം. കേസിനും മറ്റ് ചെലവുകൾക്കുമായി 10000 രൂപയും നൽകണമെന്ന് കോടതി വിശദമാക്കിയത്. തൃശൂർ വരക്കര സ്വദേശിയായ ജോർജ്ജ് തട്ടിൽ എന്നയാളുടെ പരാതിയിലാണ് നടപടി. 2019 ഡിസംബർ ആദ്യ വാരത്തിലാണ് പരാതിക്കാരൻ ബേക്കറിയിൽ നിന്ന് ന്യൂട്രിചോയ്സ് ബിസ്കറ്റ് വാങ്ങിയത്. നാൽപത് രൂപ വില നൽകി രണ്ട് ബിസ്കറ്റ് പാക്കറ്റാണ് വാങ്ങിയത്. 300 ഗ്രാം ബിസ്കറ്റ് എന്ന് വ്യക്തമാക്കിയ കവർ തൂക്കി നോക്കിയപ്പോൾ 52 ഗ്രാമിന്റെ കുറവ് കണ്ടതിനേ തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഉപഭോക്താവ് പരാതിപ്പെട്ട സമയത്ത് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള സർവ്വീസിൽ വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളിൽ പാക്കറ്റുകളിൽ അവകാശപ്പെടുന്ന അളവ് ഉൽപ്പന്നം ഉണ്ടെന്ന് ഉറപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലീഗൽ മെട്രോളജി വിഭാഗത്തിന് ഉപഭോക്തൃ തർക്ക പരിഹാര കോടതി നിർദ്ദേശം.
പരാതിക്കാരനു വേണ്ടി അഡ്വ. എ.ഡി ബെന്നി ഹാജരായി