Fiction

സ്നേഹവാത്സല്യങ്ങളുടെ അടയാത്ത വാതിൽ

വെളിച്ചം

   അന്നവന്‍ അച്ഛനോട് വഴക്കുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ അവന് അസുഖം വന്നു. ആശുപത്രിയില്‍ ഒററക്ക് കിടക്കുമ്പോള്‍ അവന്‍ അച്ഛനേയും വീട്ടുകാരേയും ഓര്‍ത്തു. തന്നെ അവന്‍ എത്ര കരുതലോടെയാണ് അവർ ശുശ്രൂഷിച്ചിരുന്നതെന്നും വീട്ടില്‍ താന്‍ സുരക്ഷിതനായിരുന്നു എന്നും അവന് മനസ്സിലായി.

Signature-ad

അങ്ങനെ അവന്‍ വീട്ടിലേക്ക് തിരിച്ചു. രാത്രി ഏറെ വൈകിയാണ് എത്തിയത്. അപ്പോഴും വീടിന്റെ വാതില്‍ തുറന്നിട്ട് അച്ഛന്‍ വരാന്തയില്‍ കിടക്കുന്നുണ്ട്. അവന്‍ നിറകണ്ണുകളോടെ ചോദിച്ചു:
“എന്തിനാണ് വാതില്‍ തുറന്നിട്ടിരിക്കുന്നത്? ഇന്ന് ഞാന്‍ വരുമെന്ന് അച്ഛനറിയാമായിരുന്നോ?”

അച്ഛന്‍ പറഞ്ഞു:
“നീ പോയതിന് ശേഷം ഈ വാതില്‍ ഞാന്‍ അടച്ചിട്ടേയില്ല. എന്നെങ്കിലും മടങ്ങിവന്നാല്‍ അടഞ്ഞവാതില്‍ കണ്ട് നീ തിരിച്ചുപോകേണ്ടല്ലോ എന്ന് കരുതി.”
പല കാരണങ്ങളുടെ പേരില്‍ ബന്ധങ്ങള്‍ രൂപപ്പെടും. ചിലര്‍ ഇടയ്ക്ക് വന്ന് കണ്ട് മടങ്ങും. ചിലര്‍ സ്ഥലത്തിന്റെയോ സമയത്തിന്റെയോ പരിമിതിക്കുള്ളില്‍ ഒപ്പം നില്‍ക്കും. ചിലര്‍ ഹൃദയങ്ങളില്‍ ചേക്കേറും. ഏത് അകലത്തിനും അതര്‍ഹിക്കുന്ന ദൂരപരിധിയും സമയപരിധിയുമുണ്ട്. അതിനപ്പുറത്തേക്ക് അത് നീളാന്‍ പാടില്ല.
എല്ലാ കപ്പലുകളിലും നങ്കൂരമുളളത് പോലെ, എല്ലാ പ്രിയപ്പെട്ട ബന്ധങ്ങളിലും നങ്കൂരമുളളത് നല്ലതാണ്. കപ്പല്‍ എവിടെപ്പോയാലും അവസാനം തുറമുഖത്തെത്തി നിലയുറപ്പിക്കും. അതുപോലെ തന്നെയാണ് ബന്ധങ്ങളിലും…
എത്ര ആവലാതിയോടെ ഇറങ്ങിയാലും ആനന്ദത്തിന് വേണ്ടിയിറങ്ങിയാലും കയ്യിലൊരു നങ്കൂരമുണ്ടെന്ന് നമുക്ക് ഉറപ്പുവരുത്താം.

ശുഭദിനം നേരുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: