ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. നീതി കിട്ടുന്നിടം വരെ സമരപരിപാടികളുമായി മുന്നോട്ടു പ്രാകാനാണ് ‘ഷീബ ദിലീപ് ആക്ഷൻ കൗൺസിൽ’ തീരുമാനം. പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനമാണ് എം.എം മണി എംഎൽഎ നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയത് ഗുണ്ടാ പണിയെന്നും അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണന്നും എം .എം മണി തുറന്നടിച്ചു.
ആക്ഷൻ കൗൺസിൽ നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻപിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ജപ്തി നടപടിയ്ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ബാങ്ക് അധികൃതർ ചർച്ച നടത്താൻ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരപരിപാടികൾക്ക് തുടക്കം കുറിച്ചത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നെടുങ്കണ്ടത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉടുമ്പൻചോല എംഎൽഎ എംഎം മണി ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുവാൻ ഗവൺമെന്റിനോട് ശുപാർശ ചെയ്യുമെന്നും സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഹെഡ് ഓഫീസിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും എം എം മണി അറിയിച്ചു. ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർ സമരം നടത്താനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.