തൃശ്ശൂര്‍: പോളണ്ടില്‍ വെച്ച് മരണപ്പെട്ട തൃശ്ശൂര്‍ പെരിങ്ങോട് സ്വദേശിയായ ആഷിക് രഘുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പോസ്റ്റ്മോര്‍ട്ടം നടത്താതെ പോളണ്ടില്‍ നിന്നും മൃതദേഹം കയറ്റി അയച്ചതിനെതിരെ കുടുംബം രംഗത്തെത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.വിദേശകാര്യമന്ത്രാലയത്തിലും പൊലീസിലും കുടുംബം പരാതി നല്കി.
ഏപ്രില്‍ ഒന്നിന് കാലത്താണ് തലേന്ന് ഈസ്റ്റര്‍ പാര്‍ട്ടി കഴിഞ്ഞ് മുറിയില്‍ എത്തിയ ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടത്. മകന്റെ മരണത്തെക്കുറിച്ച് സുഹൃത്തുക്കളും പോളണ്ടിലെ അധികൃതരും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. എട്ടിനാണ് കുടുംബം പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് എന്നറിഞ്ഞത്. ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടികളുമായി കുടുംബം നീങ്ങി.
തലയോട്ടിയിലെ പൊട്ടല്‍ കൂടാതെ ശരീരത്തില്‍ അഞ്ച് ഭാഗത്തായി ചതവിന്റെ പാടുകളും ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ആഷിക്കിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന കുടുംബം പറയാന്‍ കാരണം ഇതാണ്. ആഷിക്കിന്റെ ഭരണത്തിലെ സത്യം പുറത്തുകൊണ്ടുവരണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.