വ്യാജ സൈബര്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ 9,90,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളജിലെ പ്രൊഫസർ മണ്ടൂര്‍ മരങ്ങാട്ട് മഠത്തില്‍ ഡോ. അഞ്ജലി ശിവറാമന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്.
മുംബൈ പൊലീസാണെന്നും ഡോ.അഞ്ജലി ശിവറാമിന്റെ പേരില്‍ മുംബൈയില്‍ സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടതില്‍ ഭയന്നു പോയ ഡോക്ടറില്‍ നിന്നും തട്ടിപ്പുകാര്‍ ബാങ്ക് വിശദാംശങ്ങള്‍ കൈക്കലാക്കി. ബുധനാഴ്ചയാണ് തട്ടിപ്പുകാര്‍ ആദ്യം ബന്ധപ്പെട്ടത്.
ഈ രണ്ട് ദിവസം കൊണ്ട് പലപ്പോഴായി ഒ.ടി.പി നമ്പര്‍ കൈക്കലാക്കി 9,90,000 രൂപ തട്ടിയെടുത്തു. ഡോ. അഞ്ജലി ശിവറാമിന്റെ പേരിലുള്ള എസ്.ബി.ഐ പിലാത്തറ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഡോക്ടറുടെ പരാതിയില്‍ നവി മുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്.
ഓഹരിവിപണിയുടെ വ്യാജ വെബ്സൈറ്റ് വഴി വേങ്ങര സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.08 കോടി രൂപയാണ്. ഇദ്ദേഹത്തിൻ്റെ പരാതിയിൽ ഓൺലൈൻ തട്ടിപ്പുകാർക്ക് സിം കാർഡ് എത്തിച്ചുകൊടുക്കുന്ന അബ്ദുൽ റോഷൻ എന്ന ആളെ മലപ്പുറം സൈബർ പൊലീസ് കർണാടക മടിക്കേരിയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും വിവിധ കമ്പനികളുടെ 40,000ത്തിലധികം സിം കാർഡുകളും 180തിലധികം മൊബൈൽ ഫോണുകളും 6 ബയോമെട്രിക് സ്കാനറുകളും പിടിച്ചെടുത്തു.
കേരളത്തിൽ ഇതു പോലെ 100 കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷെയർ മാർക്കറ്റില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോഴഞ്ചേരി സ്വദേശിയുടെ 3.45 കോടിയാണ് തട്ടി എടുത്തത്. ഈ കേസിൽ 6 പേരെ പത്തനംതിട്ട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കവർന്ന തട്ടിപ്പുസംഘത്തെ ബത്തേരി പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത് ഒരു മാസം മുമ്പാണ്. കണ്ണൂരില്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ പാനൂര്‍ സ്വദേശിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന് 6 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പലപ്പോഴും അമിതലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഇത്തരം കെണിയിൽ പോയി വീഴുന്നത്. കഴിഞ്ഞ വർഷം മാത്രം ഓൺലൈൻ തട്ടിപ്പുകളിലൂടെ സംസ്ഥാനത്ത് 201 കോടി രൂപയാണ് നഷ്ടമായത്.