കനിവ് കാട്ടുന്നവൻ അപരൻ്റെ പ്രാര്‍ത്ഥനയില്‍ ഇടം നേടും, അതിൽ പരം മഹത്വം മറ്റെന്തുണ്ട്
വെളിച്ചം
പ്രകൃതിദുരന്തത്തിന് ശേഷം ഉദ്യോഗസ്ഥന്‍ അവശിഷ്ടങ്ങള്‍ മാറ്റുകയാണ്. തകര്‍ന്നുവീണ സ്വന്തം വീടുനടുത്തിരുന്ന് ഒരാള്‍ പൊട്ടിക്കരയുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അയാളുടെ മകളുടെ മൃതദേഹം കിട്ടി.
ആ ശരീരത്തില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു.
“ഇതെല്ലാം എടുത്തോളൂ…” ഉദ്യോഗസ്ഥന്‍ അയാളോട് പറഞ്ഞു.
അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി:
” എനിക്കാവശ്യമില്ല ഇതൊന്നും, ഇതെല്ലാം നിങ്ങള്‍ തന്നെ എടുത്തോളൂ..”
എന്തിനാണ് തനിക്കിതെല്ലാം…?
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന ശരീരങ്ങളില്‍ നിന്നും താൻ സ്വന്തമാക്കിയാതാണല്ലോ ഈ ആഭരണങ്ങൾ എന്നയാൾ കുറ്റബോധത്തോടെ ഓർത്തു. അന്ന് അവരില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നുവെങ്കിലും താന്‍ അവരെയൊന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ല.
ഇന്ന് ഇതൊന്നും തനിക്ക് ഉപകാരമില്ലാതായിരിക്കുന്നല്ലോ എന്നോർത്തപ്പോൾ അയാളുടെ ഉള്ളു നീറി.
ഭ്രാന്തനെപ്പോലെ അയാള്‍ അവിടെ നിന്നും ഓടിപ്പോയി.
മറ്റുളളവരുടെ നിവൃത്തികേടിനെ ചൂഷണം ചെയ്യുന്നവരെ നികൃഷ്ടജീവികള്‍ എന്നേ വിളിക്കാനാകൂ.. പ്രതീക്ഷയുടെ അവസാന നാളവും കെടുത്തുമ്പോള്‍ അവര്‍ ദുരന്തത്തില്‍ പെട്ടവരുടെ അവസാനശ്വാസത്തിനുപോലും വിലയിടുകയാണ്.
വിജനസ്ഥലത്ത് ഒരാളെ കണ്ടുമുട്ടുമ്പോള്‍, മരുഭൂമിയില്‍ ഒരു ഉറവ പ്രത്യക്ഷപ്പെടുമ്പോള്‍, ഇരുട്ടില്‍ തെളിഞ്ഞുനില്‍ക്കുന്ന ഒരു നാളം കാണുമ്പോള്‍… അതാഗ്രഹിച്ചുനടക്കുന്നവരുടെ ഉളളില്‍ അതുവരെയില്ലാത്ത ഒരു പ്രതീക്ഷയുണരും.
രക്ഷിക്കണേ എന്ന് കൈനീട്ടുമ്പോള്‍ രണ്ടാം ജന്മത്തിലേക്കുളള വാതിലുകളാണ് അവരുടെ മനസ്സില്‍…
ആശയറ്റ കണ്ണുകള്‍ കണ്ടെത്തി കനിവുകാണിക്കുക എന്നതില്‍ പരം മഹത്വം എന്താണുളളത്…? തീര്‍ന്നെന്നു തോന്നിയിടത്തുനിന്ന് തിരിച്ചുവരാന്‍ കാരണക്കാരായവരെ ആരാണ് മറക്കുക…. മനുഷ്യനെ ഉണര്‍ത്തുന്നവരാണ് അവര്‍. മററുള്ളവരുടെ പ്രാര്‍ത്ഥനയില്‍ സ്ഥാനം പിടിക്കുന്നവര്‍.. മററുള്ളവരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നവര്‍.. അവരായിത്തീരാന്‍ നമുക്കും സാധിക്കട്ടെ.
സംതൃപ്തി നിറഞ്ഞ ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ