മലയാളികൾ നെഞ്ചേറ്റിയ ക്ലാസിക് സിനിമകളുടെ സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു വിടപറഞ്ഞ സംഗീത് ശിവൻ. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങി ഒരുകാലത്ത് മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകൾ ഒരുക്കിയത് സംഗീത് ശിവൻ എന്ന പ്രതിഭയായിരുന്നു. മലയാളത്തിലും ഹിന്ദിയിലും ആയി ഇരുപതോളം ചിത്രങ്ങൾ സംഗീത് ശിവന്റെ സംവിധാനത്തിൽ പിറന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘യോദ്ധ’ തൻ്റെ 27-ാം വയസിലാണ് സംഗീത് ശിവൻ ഒരുക്കുന്നത്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിൽ എത്തിച്ചതും സംഗീത് ശിവനാണ്. യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് സംഗീത് ശിവൻ വിടപറയുന്നത്.
സിനിമാകുടുംബമാണ് സംഗീത് ശിവൻ്റെത് .പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവൻ ആണ് പിതാവ്. പ്രശസ്ത ഛായാഗ്രഹകൻ ആയ സന്തോഷ് ശിവൻ, സംവിധായകനായ സഞ്ജീവ് ശിവൻ എന്നിവർ ആണ് സഹോദരങ്ങൾ. അതുകൊണ്ടു തന്നെ സിനിമാ മേഖലയിലെ സംഗീത് ശിവന്റെ ഗുരുക്കന്മാർ പിതാവും സഹോദരങ്ങളുമായിരുന്നു. സംഗീത് ശിവൻ തന്റെ കരിയർ ആരംഭിക്കുന്നത് പിതാവിനോടൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തുകൊണ്ടാണ്. പിന്നീട് സഹോദരൻ സന്തോഷ് ശിവനൊപ്പം ഒരു പരസ്യ കമ്പനി തുടങ്ങി. സംഗീത ശിവന്റെ സിനിമകൾക്ക് കാമറ ഒരുക്കിയതും സഹോദരനായ സന്തോഷ് ശിവൻ ആയിരുന്നു.
വ്യൂഹം (1990) എന്ന ചിത്രത്തിലൂടെയാണ് സംഗീത് ശിവൻ സംവിധായകനായി സിനിമാ പ്രവേശം. അദ്ദേഹത്തിൻ്റെ ‘ജോണി’ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളുടെ നിർമാതാവ് കൂടിയായിരുന്നു ഇദ്ദേഹം.
വ്യത്യസ്‍തതകൾ പരീക്ഷിച്ച് വിജയം കാണാൻ സംഗീത് ശിവന് കഴിഞ്ഞു. മലയാളത്തിൽ ഹിറ്റായ ‘രോമാഞ്ചം’ സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിനിടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
”യോദ്ധ, നിര്‍ണയം, ഗാന്ധര്‍വം തുടങ്ങിയ അദ്ദേഹം സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ സിനിമ ജീവിത്തിലെ പ്രധാനപ്പെട്ട മൂന്ന് ചിത്രങ്ങളായിരുന്നു…’
പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.
വ്യത്യസ്മായ ശൈലിയില്‍ സിനിമ എടുക്കാന്‍ ശ്രമിച്ച് അതില്‍ സക്‌സസ് ആയ വ്യക്തിയാണ് സംഗീത് ശിവനെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ആശുപത്രിയില്‍ ആയ വിവരം അറിഞ്ഞിരുന്നുവെങ്കിലും ആരോഗ്യത്തോടെ തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ സങ്കടത്തോടൊപ്പം പങ്കു ചേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.