തിരുവനന്തപുരം: സംസ്ഥാനത്ത് നാലു മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് ബി ജെ പിയുടെ പ്രാഥമിക വിലയിരുത്തല്‍.തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളിലാണ് വിജയസാധ്യത.
ജില്ലാ തലങ്ങളിലുള്ള അവലോകനം പൂർത്തിയായതിന് ശേഷമാണ് ബി ജെ പി സംസ്‌ഥാന നേതൃത്വം ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയത്. എല്ലാ ജില്ലകളിലും പാർട്ടിക്ക് മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നേതൃത്വം വിലയിരുത്തി.
മറ്റ് പാർട്ടികളില്‍ നിന്നുണ്ടായ അടിയൊഴുക്ക്, സ്ത്രീ വോട്ടർമാരുടെ നിലപാട് എന്നിവയാണ് അനുകൂല ഘടകമായതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എല്ലാ ജില്ലകളിലും ബി ജെ പിക്ക് മികച്ച വിജയം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് അനുമാനം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയം ഏറെക്കുറെ ഉറപ്പാണ്.ആറ്റിങ്ങലിലും തൃശ്ശൂരും പത്തനംതിട്ടയിലും സ്ഥിതി അനുകൂലമാണ്. വി മുരളീധരന്‍, സുരേഷ് ഗോപി, അനില്‍ ആന്റണി എന്നിവരുടെ കാര്യത്തില്‍ മികച്ച പ്രതീക്ഷയാണുള്ളത്. തൃശൂരില്‍ സ്ത്രീവോട്ടർമാരായിരിക്കും തുണയ്ക്കുകയെന്നും വിലയിരുത്തുന്നു.
മറ്റ് മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ വർഷത്തേക്കാള്‍ മികച്ച പ്രവർത്തനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും ബി ജെ പി വിലയിരുത്തുന്നു.