കൊച്ചി: കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ ഉടൻ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ. ഇതിനായി രണ്ട് റൂട്ടുകളാണ് റെയില്‍വേ പരിഗണിച്ചത്. തിരുവനന്തപുരം – കോയമ്ബത്തൂര്‍ റൂട്ടും ഒപ്പം കൊച്ചി – ബംഗളൂരു റൂട്ടും.
ഇതില്‍ കൊച്ചി – ബംഗളൂരു ട്രെയിന്‍ ആയിരിക്കും ഓടിത്തുടങ്ങുക. അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
എറണാകുളം ജംഗ്ഷനിൽ നിന്നും രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് ബംഗളൂരുവില്‍ എത്തുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.05ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്ത് തിരികെ എത്തുന്നതായിരിക്കും ക്രമീകരണം എന്നാണ് വിവരം.
കേരളത്തില്‍ എറണാകുളത്തിന് പുറമേ തൃശൂര്‍, പാലക്കാട് എന്നിവയായിരിക്കും എട്ട് കോച്ചുകളുള്ള ട്രെയിനിന് സ്റ്റോപ്പുകളുണ്ടായിരിക്കുക.
കേരളത്തില്‍ തിരുവനന്തപുരം- മംഗലാപുരം റൂട്ടിലാണ് നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളും ഓടുന്നത്. ഈ രണ്ട് ട്രെയിനുകള്‍ക്കും ടിക്കറ്റിന് വലിയ ഡിമാന്‍ഡാണുള്ളത്.