KeralaNEWS

പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപ തട്ടി; പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ രണ്ടു സ്ത്രീകൾ അറസ്‌റ്റിൽ

മാന്നാർ: പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

മാന്നാര്‍ കുട്ടമ്ബേരൂര്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ഉഷ ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

സാമ്ബത്തിക തട്ടിപ്പിനിരയായി മനംനൊന്ത് ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മ ഉള്‍പ്പടെ പലരില്‍ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളത്. ശ്രീദേവിയമ്മയുടെ കയ്യില്‍ നിന്നും സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ശ്രീദേവിയമ്മ മരിക്കുന്നതിന് മുന്‍പ് തന്നെ ഇതുമായി ബന്ധപെട്ട് മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണ ചുമതല വീയപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.വീയപുരം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടി കൂടാനുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും വീയപുരം പൊലീസ് പറഞ്ഞു.

Back to top button
error: