KeralaNEWS

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പിറ്റ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

തിരുവല്ല:മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഒരു റയിൽവേ സ്റ്റേഷനാണ് തിരുവല്ല. എന്നാല്‍ പിറ്റ് ലൈൻ സൗകര്യം ഇല്ലാത്തത് ദീർഘദൂര സർവീസുകള്‍ ഇവിടെ നിന്ന് തുടങ്ങാൻ തടസമാകുകയാണ്.പിറ്റ് ലൈനുകള്‍ ഉണ്ടെങ്കില്‍  ട്രെയിനുകള്‍ ഇവിടെ നിന്ന് സർവീസ് ആരംഭിക്കാനും അവസാനിപ്പിക്കാനും കഴിയും. മാത്രമല്ല വണ്ടികളുടെ മെയിന്‍റനൻസിനും ഇത് കൂടുതല്‍ ഉപകരിക്കും.

എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന പല ട്രെയിനുകളും തിരുവല്ല വരെ നീട്ടാൻ പിറ്റ് ലൈൻ വന്നാല്‍ സാധിക്കും. എത്രയും വേഗം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പിറ്റ് ലൈൻ സ്ഥാപിക്കാൻ വേണ്ട നടപടികള്‍ റെയില്‍വേയുടെ ഭാഗത്തു നിന്നും, ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നത്.

നിലവില്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ നാഗർകോവില്‍, തിരുവനന്തപുരം സെൻട്രല്‍, എറണാകുളം ടൗണ്‍, ആലപ്പുഴ സ്റ്റേഷനുകളില്‍ മാത്രമാണ് പിറ്റ് ലൈൻ സൗകര്യം ഉള്ളത്.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോള്‍ വലിയ രീതിയിലുള്ള നവീകരണ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തി പിറ്റ് ലൈനും കൂടി നിർമിക്കാൻ സാധിക്കും.

പ്രവാസികൾ,പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിലുള്ളവർ ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട.ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനാണ് തിരുവല്ല.ഒപ്പം ശബരിമലയിലേക്കും അപ്പർ കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിലേക്കുള്ള കവാടവും.

കേരളത്തിലേക്കുള്ള തീർത്ഥാടകരിൽ ഏറിയപങ്കും എത്തുന്നതും ഇവിടേക്ക് തന്നെ.ഇവരുടെയെല്ലാം ഏക ആശ്രയമാണ് തിരുവല്ല റയിൽവെ സ്റ്റേഷൻ.കൂടുതൽ ട്രെയിനുകൾ ഇല്ലാത്തതും ഉള്ളം ട്രെയിനുകളുടെ സ്റ്റോപ്പ് എടുത്തുകളഞ്ഞതും ഉൾപ്പെടെ നിരവധി തിരിച്ചടിയാണ് സമീപകാലത്ത് തിരുവല്ലയ്ക്ക് നേരിടേണ്ടി വന്നത്.വരുമാനക്കുറവാണ് കാരണമായി പറയുന്നത്.പത്തനംതിട്ട റയിൽവെ ബുക്കിംഗ് സെന്ററിലെ വരുമാനം പോകുന്നത് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലേക്കാണെന്നിരിക്കെയാണ് ഇത്.

തിരുവല്ലയിൽ നിന്നും ട്രെയിനുകൾ യാത്ര പുറപ്പെടത്തക്കവിധം യാർഡ് നിർമ്മാണം ഉൾപ്പടെയുള്ള വികസനം നടത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.യാർഡ്  ആക്കാൻ എന്തുകൊണ്ടും സൗകര്യപ്രദമായ ഒരു റയിൽവെ സ്റ്റേഷനാണ് തിരുവല്ല.പ്രത്യേകിച്ചും എറണാകുളത്തെ സ്റ്റേഷനുകൾ ട്രാഫിക്കും സ്ഥലപരിമിതികളും മറ്റും കൊണ്ട് വീർപ്പുമുട്ടുമ്പോൾ.തൊട്ടടുത്ത സ്റ്റേഷനുകളായ കോട്ടയത്തോ, ചെങ്ങന്നൂരിലോ റയിൽവെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ഏറെ ദുഷ്കരമാകുമ്പോൾ തിരുവല്ലയിൽ ഈ‌ പ്രശ്നം ഉദിക്കുന്നില്ല എന്നതാണ് പ്ലസ് പോയിന്റ്.

പത്തനംതിട്ട ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ലയെ യാർഡാക്കി മാറ്റി എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഇങ്ങോട്ട് നീട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഇത് മധ്യതിരുവിതാംകൂറിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.കൂടാതെ ശബരിമല, മാരാമൺ, ആറൻമുള, ചക്കുളത്തുകാവ്, എടത്വ,പരുമല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടകർക്കും ഇത് ഗുണം ചെയ്യും.

അറ്റകുറ്റപ്പണികൾക്കു സൗകര്യമില്ലാത്തതാണ് കേരളത്തിന് കൂടുതല്‍ ട്രെയിനുകൾ അനുവദിക്കാത്തതിന്റെ കാരണം.തിരുവല്ലയുടെ നേട്ടവും ഇതുതന്നെയാണ്.കുറ്റപ്പുഴയ്ക്ക് സമീപം തരിശായി കിടക്കുന്ന ധാരാളം സ്ഥലങ്ങൾ ഉള്ളതിനാൽ സ്ഥലമേറ്റെടുപ്പ് ഇവിടെയൊരു വിഷയമേയാകില്ല.സ്ഥലമേറ്റെടുത്ത് പിറ്റ് ലൈനുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടെ  ഇവിടെ നിന്നും ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ ആരംഭിക്കാനുമാകും.ചുറ്റും പാടശേഖരങ്ങളായതിനാൽ  വെള്ളത്തിനും മറ്റും ഒരു ക്ഷാമവും ഇവിടെ ഒരുകാലത്തും ഉണ്ടാകുകയുമില്ല.നിലവിൽ അമൃത് ഭാരത് പദ്ധതിയില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ മുഖം മിനുക്കൽ മാത്രമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തിലെ പല റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ലഭ്യത കുറവ് കാരണം പല സർവീസുകളും തുടങ്ങാൻ കഴിയാത്ത അവസ്ഥയും ഇന്നുണ്ട്.തിരുവല്ലയിൽ വേണ്ടുവോളം സ്ഥലമുണ്ട്.നിലവിൽ നാല് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്.

അതേപോലെ തിരുവല്ല വഴി കടന്നുപോകുന്ന  ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും ഇനിയും തീരുമാനമായിട്ടില്ല. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ സ്റ്റോപ്പുകളാണിവ.

മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്,രാമേശ്വരം-പാലക്കാട്-തിരുവനന്തപുരം അമൃത, നിലന്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കലാണ് വൈകുന്നത്. മൂന്നു ട്രെയിനുകള്‍ക്കും വടക്കോട്ടുള്ള യാത്രയില്‍ തിരുവല്ലയില്‍ സ്റ്റോപ്പുള്ളതാണ്.തിരികെ തിരുവനന്തപുരം യാത്രയില്‍ നിരവധി യാത്രക്കാരാണ് തിരുവല്ലയില്‍ ഇറങ്ങാനായി ഈ ട്രെയിനുകളെ ആശ്രയിച്ചുവന്നിരുന്നത്.എന്നാൽ സ്റ്റോപ്പില്ല. ഇതുകൂടാതെ വന്ദേഭാരത് ഉള്‍പ്പെടെ തിരുവല്ല വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.നി​സാ​മു​ദ്ദീ​ൻ, ദി​ബ്രു​ഗ​ഡ് വി​വേ​ക്, യ​ശ്വ​ന്ത്പു​ർ സൂ​പ്പ​ർ ഫാ​സ്റ്റ്, ഹം​സ​ഫ​ർ എ​ക്സ്​​പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ് അ​ടി​യ​ന്ത​രാ​വ​ശ്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: