ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തായി പരാതി.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചെന്നും പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 19 ന് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 21 കാരനായ യുവാവ് നിര്‍ബന്ധിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തോളം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിത്തുടര്ന്ന് ഇരുമ്പ് കമ്പി ചൂടാക്കി മുഖത്ത് അയാളുടെ പേര് എഴുതിയെന്നും പ്രതിയുടെ അമ്മയും സഹോദരിയും ഇതിന് കൂട്ടുനിന്നെന്നും പരാതിക്കാരിയായ പെണ്‍കുട്ടി ഇന്ത്യടുഡേയോട് പറഞ്ഞു.
താന്‍ നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. മൂന്ന് ദിവസത്തിന് ശേഷം ഒരുവിധത്തിലാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയതെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടിലെത്തിയ ഉടനെ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്തെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.