തൃശൂർ: തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്ന് ബിജെപി വിലയിരുത്തല്‍. 2019 ലെ വോട്ട് ഇത്തവണ കിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പിനു ശേഷമുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ന്യൂനപക്ഷ വോട്ടുകള്‍ മൊത്തമായി എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ ഏകീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് സുരേഷ് ഗോപിക്ക് തിരിച്ചടിയാകും. 2019 ല്‍ സുരേഷ് ഗോപിക്ക് മൂന്ന് ലക്ഷത്തിനു അടുത്ത് വോട്ടുകള്‍ ലഭിക്കാന്‍ പ്രധാന കാരണം തൃശൂര്‍ നഗരത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ആയിരുന്നു. ഇത്തവണ അത് ബിജെപിക്ക് ലഭിക്കില്ലെന്നാണ് വോട്ടെടുപ്പിനു ശേഷമുള്ള പ്രാഥമിക വിലയിരുത്തല്‍.
തൃശൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് ഇത്തവണ കുറഞ്ഞിട്ടുണ്ട്. 2019 ല്‍ 77.94 ശതമാനമാണ് തൃശൂരിലെ പോളിങ്. ഇത്തവണ അത് 72.79 ആയി കുറഞ്ഞു. പോളിങ് കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.
ബി.ജെ.പി സ്വാധീന മേഖലയിലെ ആവേശമില്ലായ്മ പ്രവർത്തകരിലടക്കം നിരാശയുണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിന്റെ സ്വരച്ചേർച്ചയില്ലായ്മയും ഇതിനൊരു കാരണമായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നുണ്ട്.