ഇതുസംബന്ധിച്ച് പല ആരോപണങ്ങളും ഉയര്‍ന്നുവരവെ സുരേഷ് ഗോപി സ്ഥലത്തെത്തിയത് വിളിച്ചിട്ടല്ലെന്ന് വ്യക്തമാക്കി തിരുവമ്ബാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് രംഗത്ത് വന്നു.
തിരുവമ്ബാടി ദേവസ്വത്തില്‍ നിന്നും വിളിച്ചിട്ടാണ് പുലര്‍ച്ചെ പ്രശ്‌ന പരിഹാരത്തിനെത്തിയത് എന്നായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചിട്ടില്ലെന്ന് ഗിരീഷ് വ്യക്തമാക്കി. തെറ്റായ വിവരമാണ് സുരേഷ് ഗോപി മാധ്യമങ്ങളിലൂടെ പറഞ്ഞതെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
സുരേഷ് ഗോപിയുടെ പിഎ എന്നു പറയുന്ന ആള്‍ വിളിച്ചിരുന്നു. സുരേഷ് ഗോപിക്ക് സംസാരിക്കാന്‍ ഫോണ്‍ കൊടുക്കുകയാണെന്നും പറഞ്ഞു. ഗ്രൂപ് കോള്‍ ആയതുകൊണ്ട് മൂന്നു മിനിറ്റ് കഴിഞ്ഞാണ് സുരേഷ് ഗോപി ഫോണ്‍ എടുത്തത്. തുടര്‍ന്ന് സംസാരിച്ചു. കാര്യങ്ങള്‍ പറഞ്ഞു. അതിനെ അദ്ദേഹം വേറൊരുതരത്തില്‍ വ്യാഖ്യാനിക്കാന്‍ പാടില്ലായിരുന്നു. പൂരം രാഷ്ട്രീയവത്കരിക്കാന്‍ ആരും തുനിയരുത്. തൃശൂര്‍ പൂരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേതും എല്ലാ ജനങ്ങളുടേതുമാണ്. ജാതി-മത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന വലിയ ഉത്സവമാണ്. ആ ഉത്സവത്തിലേക്ക് രാഷ്ട്രീയം കലര്‍ത്തരുതെന്നും ഗിരീഷ് പറഞ്ഞു.
പൂരം തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാജനും നന്ദി അറിയിക്കുന്നതായും ഗിരീഷ് വ്യക്തമാക്കി. അനിഷ്ട സംഭവങ്ങള്‍ ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അദ്ദേഹം മണിക്കൂറുകള്‍ക്കകം പരിഹാരമുണ്ടാക്കി. പൂരത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രി കെ രാജനും അതിജാഗ്രതയോടെയാണ് ഇടപെട്ടതെന്നും ഗിരീഷ് പറഞ്ഞു.