IndiaNEWS

പരാതി ലഭിച്ചു, പരിശോധിക്കുന്നു; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ ഒടുവില്‍ പ്രതികരിച്ച് തിര. കമ്മിഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തില്‍ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രസംഗം പരിശോധിച്ചുവരുകയാണെന്നും കമ്മിഷന്‍ അറിയിച്ചു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മുസ്ലിംകള്‍ക്കു സ്വത്തു വീതിച്ചു നല്‍കുമെന്നായിരുന്നു രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞത്. പരാമര്‍ശം വിവാദമായതിനു പിന്നാലെ ഉത്തര്‍പ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാനവാക്കുകള്‍ ആവര്‍ത്തിച്ചിരുന്നു.

രാജസ്ഥാനില്‍ മോദി പറഞ്ഞത്: ”നേരത്തേ ഇവരുടെ സര്‍ക്കാരുണ്ടായിരുന്നപ്പോള്‍ അവര്‍ പറഞ്ഞിരുന്നു മുസ്ലിംകള്‍ക്കായിരിക്കും സമ്പത്തില്‍ പ്രഥമ പരിഗണന എന്ന് (2006 ല്‍ ദേശീയ വികസന കൗണ്‍സില്‍ യോഗത്തിനു ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം ഉദ്ദേശിച്ച്) അതിനര്‍ഥം ഈ സമ്പത്ത് പിടിച്ചെടുത്ത് കൂടുതല്‍ കുട്ടികള്‍ ആര്‍ക്കാണോ അവര്‍ക്കു കൊടുക്കും.

Signature-ad

നുഴഞ്ഞുകയറ്റക്കാര്‍ക്കു കൊടുക്കും. നിങ്ങളുടെ അധ്വാനത്തിന്റെ പണം നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൊടുക്കുമോ? നിങ്ങള്‍ അംഗീകരിക്കുമോ? കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയുന്നു അമ്മമാരുടെയും സഹോദരിമാരുടെയും കയ്യിലുള്ള സ്വര്‍ണം പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന്. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മുസ്ലിംകള്‍ക്കാണ് പ്രഥമ പരിഗണനയെന്നു പറഞ്ഞിരുന്നു. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതി അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാല പോലും വെറുതേ വിടില്ല”

അലിഗഡില്‍ ഇന്നലെ പറഞ്ഞത്: ”നിങ്ങളുടെ താലിമാല വരെ കോണ്‍ഗ്രസ് പിടിച്ചെടുത്ത് വീതംവയ്ക്കും. എല്ലാവരുടെയും സ്വത്തും വരുമാനവും ഓഡിറ്റ് ചെയ്യുമെന്ന് കോണ്‍ഗ്രസിന്റെ ‘രാജകുമാരന്‍’ പറയുന്നു. വീട്, വാഹനം, സ്വര്‍ണം ഒക്കെ പിടിച്ചെടുക്കും. സ്ത്രീകള്‍ അവരുടെ ധനമായി കരുതുന്ന സ്വര്‍ണം പോലും പിടിച്ചെടുക്കും. അമ്മമാരുടെയും പെങ്ങന്മാരുടെയും കെട്ടുതാലി പിടിച്ചെടുക്കും”.

അതേസമയം, മുസ്ലിംകള്‍ തന്നെ രക്ഷകനായാണു കരുതുന്നതെന്നും മോദി പറഞ്ഞു. ”മുത്തലാഖ് നിര്‍ത്തലാക്കിയതോടെ മുസ്ലിം വനിതകള്‍ മോദിയെ രക്ഷകനായാണ് കരുതുന്നത്. പസ്മാന്ദ മുസ്ലിംകള്‍ക്ക് സാമൂഹിക ജീവിതത്തില്‍ പരിഗണന കിട്ടിയത് മോദി വന്നതോടെയാണ്” അദ്ദേഹം പറഞ്ഞു.

Back to top button
error: