IndiaNEWS

നിങ്ങളുടെ മാപ്പ് മൈക്രോസ്‌കോപ്പ് വച്ച് നോക്കണോ? പതഞ്ജലി അധികൃതരെ ശാസിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാപ്പപേക്ഷ മൈക്രോസ്‌കോപ്പ് വച്ച് നോക്കണോ എന്ന് പതഞ്ജലിയോട് ആരാഞ്ഞ് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിമാരായ ഹിമ കോഹ്ലി, എ.അമാനുള്ള എന്നിവരുടെ ബെഞ്ചിന്റെ പരാമര്‍ശം. സാധാരണ പതഞ്ജലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും കോടതി ചോദിച്ചു. പതഞ്ജലിയുടെ മാനേജിംദ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയില്‍ ഹാജരായിരുന്നു.

പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചെന്നും ഇക്കാര്യം വ്യക്തമാക്കി പത്രസമ്മേളനം നടത്തിയെന്നും പതഞ്ജലിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്ഗി പറഞ്ഞു. എന്നാല്‍ പത്രങ്ങളില്‍ സാധാരണ നല്‍കാറുള്ള ഫുള്‍ പേജ് പരസ്യങ്ങളുടെ അത്രയ്ക്കുണ്ടായിരുന്നോ മാപ്പപേക്ഷ എന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്ലിയുടെ ചോദ്യം. 67 പത്രങ്ങളില്‍ മാപ്പപേക്ഷ പരസ്യമായി നല്‍കിയെന്നും, ഇതിന് ലക്ഷക്കണക്കിനു രൂപ ചെലവായെന്നും റോഹ്ത്ഗി പറഞ്ഞു. നിങ്ങള്‍ സാധാരണ നല്‍കാറുള്ള പരസ്യങ്ങളുടെ അത്രയും രൂപ മാപ്പപേക്ഷയ്ക്ക് ചെലവായോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

Signature-ad

പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകര്‍പ്പുകള്‍ ഹാജരാക്കാത്തതിന് പതഞ്ജലിയുടെ അഭിഭാഷകനെ കോടതി ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. എന്തു വലിപ്പത്തിലാണു മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു തങ്ങള്‍ക്കു കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്‌കോപ്പ് വച്ചു നോക്കി കണ്ടു പിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി കോടതി 30ലേക്കു മാറ്റി.

 

Back to top button
error: