KeralaNEWS

എഐ ക്യാമറ വെറും നോക്കുകുത്തി: നോട്ടീസയക്കുന്നത് നിര്‍ത്തി,  കണ്ടെത്തിയത് 339 കോടിയുടെ നിയമ ലംഘനങ്ങള്‍, കിട്ടിയത് 62.5 കോടി മാത്രം

        മോട്ടോർ വാഹന നിയമലംഘനത്തിന് എഐ ക്യാമറ വഴി പിഴയടക്കുന്നതിന് നോട്ടീസയക്കുന്നത് നിർത്തി. സർക്കാ‍‍ർ പണം നല്‍കാത്തതിനാലാണ് കെല്‍ട്രോണ്‍ നോട്ടീസയക്കുന്നത് അവസാനിപ്പിച്ചത്. തപാല്‍ നോട്ടീസിന് പകരം ഇ ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതില്‍ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനം കുറയ്ക്കുകയും നിയമലംഘകരില്‍ നിന്നും പണം ഈടാക്കി ഖജനാവു നിറയ്ക്കുകയുമായിരുന്നു സർക്കാർ ലക്ഷ്യം. അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിയില്‍ തന്നെയാണ്. ജൂണ്‍ അ‍ഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് അഞ്ചു ലക്ഷം വരെയായി. പ്രതി വർഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെല്‍ട്രോണിന്റെ കരാർ. ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീസയക്കണമെങ്കില്‍ നോട്ടീസ് ഒന്നിന് 20 രൂപ വേണം എന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സർക്കാരിന് കത്ത് നല്‍കി. എന്നാല്‍ സർക്കാർ ഇതേവരെ മറുപടി നല്‍കിയിട്ടുമില്ല. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച്‌ നോട്ടീസ് അയപ്പ് കെല്‍ട്രോണ്‍ നിർത്തിയിരിക്കുകയാണ്.

Signature-ad

ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാല്‍ മൊബൈലേക്ക് ഇ-ചെല്ലാൻ മാത്രം അയക്കും. പക്ഷെ മോസേജ് മാത്രം വന്നാല്‍ ആരും പിഴ അടക്കില്ല. പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിൻെറ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നോട്ടീയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്.

ഏതാനും ആഴ്ചകളായി ഇ-ചെല്ലാൻ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞു. ഇനി ഉടൻ പണം നല്‍കാൻ സർക്കാർ തയ്യാറായാലും ഇതുവരെയുള്ള പിഴയുടെ നോട്ടീസ് തയ്യാറാക്കി അയക്കല്‍ വലിയ ദൗത്യവുമാവും.

Back to top button
error: