ആലപ്പുഴ: വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞ 58 കാരിയെ സഹോദരൻ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടി. ആലപ്പുഴയിലാണ് സംഭവം .
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച 58 കാരിക്കായിരുന്നു മറ്റൊരു വിവാഹം കഴിക്കാൻ പൂതി.തീരുമാനം സഹോദരനെ അറിയിച്ചതോടെ ഇരുവരും തമ്മിൽ അതേച്ചൊല്ലി തർക്കമുണ്ടായി.ഒടുവിൽ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം പൂങ്കാവ് വടക്കുംപറമ്പിൽ റോസമ്മയെ ആണ് സഹോദരൻ ബെന്നി കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയത്.സംഭവം പുറത്തറിഞ്ഞതോടെ പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.സംഭവത്തിൽ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റോസമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു.
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറാണു സംഭവം.റോസമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. ബന്ധുക്കളും അയൽക്കാരും മറ്റും തിരയുന്നതിനിടയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.
തർക്കത്തിനിടയിൽ റോസമ്മയെ അബദ്ധത്തിൽ കൊലപ്പെടുത്തി എന്ന് സഹോദരൻ ബെന്നി (63) അയൽവാസിയായ പൊതുപ്രവർത്തകയോടു വെളിപ്പെടുത്തിയതോടെ അവർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.