മുംബൈ: ഭർത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി.
പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി.
മാനസികമായും വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത ബന്ധങ്ങളില്‍ നിന്ന് പിന്മാറാൻ പങ്കാളിക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളിയായ യുവതി നല്‍കിയ ഹർജി കുടുംബ കോടതി ഫെബ്രുവരിയില്‍ തള്ളിയിരുന്നു. ഇതിനെതിരെ യുവതി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലായിരുന്നു നിർണ്ണായക വിധി.
വിഭ കങ്കൻവാടി, എസ്ജി ചപല്‍ഗോങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മാനസികമായും ശാരീരികമായും പരസ്പരം ഐക്യപ്പെടാൻ കഴിയാത്തവരെ സഹായിക്കുന്നതിനുള്ള ഉചിതമായ കേസാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. 2023 മാർച്ചിലാണ് ഇരുവരും വിവാഹിതരായത്.