കൊച്ചി: സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ വന്‍കവര്‍ച്ച. ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങളും വാച്ചുകളും മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയ്ക്കാണ് ബി സ്ട്രീറ്റിലുള്ള ‘അഭിലാഷം’വീട്ടില്‍ തൊപ്പിവച്ച് കഴുത്തില്‍ ഷാളിട്ട് എത്തിയ മോഷ്ടാവ് കടന്നത്. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഉത്തരേന്ത്യയില്‍ നിന്നെത്തി കവര്‍ച്ച നടത്തി മടങ്ങുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രാദേശിക മോഷ്ടാക്കളും അടുത്തിടെ ശിക്ഷകഴിഞ്ഞിറങ്ങിയ കള്ളന്മാരും അന്വേഷണപരിധിയിലുണ്ട്. എറണാകുളം അസി. പൊലീസ് കമ്മിഷണര്‍ പി. രാജ്കുമാറിനാണ് അന്വേഷണച്ചുമതല.
കവര്‍ച്ച നടക്കുമ്പോള്‍ ജോഷിയും ഭാര്യയും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ 5.30ന് ജോഷിയുടെ ഭാര്യ സിന്ധു ഉണര്‍ന്നപ്പോഴാണ് ജനലും അടുക്കള വാതിലും തുറന്നുകിടക്കുന്നതായി കണ്ട് പരിശോധിച്ചത്.
ജോഷിയുടെ മകന്‍ അഭിലാഷിന്റെ പരാതിയില്‍ സൗത്ത് പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീടിന് ചുറ്റുമുള്ള സി.സി ടി.വി ക്യാമറകളിലെ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു. പൂര്‍ണമായും മുഖം മറയ്ക്കാത്ത മോഷ്ടാവിന്റെ ദൃശ്യങ്ങളും ലഭിച്ചു. സമീപത്തെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
അടുക്കള ജനലിന്റെ കമ്പികള്‍ വളച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മുകളിലത്തെ നിലയിലുള്ള ആളില്ലാത്ത രണ്ടു മുറികളിലെ ലോക്കര്‍ കുത്തിത്തുറന്നാണ് മോഷണം. 25 ലക്ഷം രൂപയുടെ രണ്ട് വജ്ര നെക്ലസ്, 10 വജ്ര മോതിരങ്ങള്‍, 8 ലക്ഷം രൂപ വിലയുള്ള 8 വജ്രക്കമ്മലുകള്‍, 10 സ്വര്‍ണമാലകള്‍, 10 വളകള്‍, രണ്ടു വങ്കികള്‍, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്. അടുക്കള വാതില്‍ തുറന്നാണ് പ്രതി രക്ഷപ്പെട്ടത്.