KeralaNEWS

വീട് ജപ്തി ചെയ്യുന്നതിനിടെ, ബാങ്ക് ജീവനക്കാർക്കും പൊലീസിനും മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു, ബാങ്കിനെതിരെ പ്രതിഷേധം ഇരമ്പുന്നു

    ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണു സംഭവം. തൊടുപുഴ സിജെഎം കോടതി വിധിയെത്തുടർന്നാണു സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ പൊലീസ് അകമ്പടിയോടെ ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയത്. വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചാണു ഷീബ സ്വയം തീകൊളുത്തിയത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മരണം സംഭവിച്ചത്. ഷീബയുടെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

Signature-ad

ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം, വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി എന്നിവർക്കു പൊള്ളലേറ്റിരുന്നു. 40 ശതമാനം പൊള്ളലേറ്റ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ഷീബയും കുടുംബവും താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പയെടുത്തിരുന്നു. ഈ തുകയിൽ 15 ലക്ഷം രൂപ അടയ്ക്കാം എന്ന വ്യവസ്ഥയിലാണു ഷീബയും കുടുംബവും സ്ഥലം വാങ്ങിയത്. വായ്പ അടച്ചുതീർക്കുന്നതു സംബന്ധിച്ച ഒത്തുതീർപ്പു ശ്രമങ്ങൾ നടക്കുന്നതിനിടെയാണു ബാങ്ക് അധികൃതർ കോടതിയെ സമീപിച്ചു ജപ്തിക്കുള്ള ഉത്തരവു സമ്പാദിച്ചതും..

ഇതിനിടെ മഹിളാ അസോസിയേഷന്റെയും കെഎസ്‌യുവിന്റെയും നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നെടുംകണ്ടം ശാഖയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടന്നു. ബാങ്കിന് മുമ്പിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് തടഞ്ഞു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ അരുൺ രാജേന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്. തുടർന്ന് കെ എസ് യു പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് സമരം നടത്താനും ശ്രമിച്ചു. ഇതിന് പിന്നാലെ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രകടനമായി ബാങ്കിന് മുൻപിൽ എത്തി പ്രതിഷേധിച്ചു.

വരും ദിവസങ്ങളിലും ബാങ്കിനെതിരെ പ്രതിഷേധം കടുപ്പിക്കുവാനാണ് വിവിധ രാഷ്ട്രീയ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തെ തുടർന്ന് ഇന്ന് ബാങ്ക് തുറന്നു പ്രവർത്തിച്ചില്ല. പോലീസ് ബാങ്കിന് മുമ്പിൽ നില ഉറപ്പിച്ചിട്ടുണ്ട്.

Back to top button
error: