ഒമാന്‍ സമീപം ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന് പിടിച്ചെടുത്ത ചരക്കുകപ്പലിൽ ഉണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തി. എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.
ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് ഈ കപ്പലിൽ എത്തിയത്.
‘‘ടെഹ്റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ, ചരക്കുക്കപ്പലായ എംഎസ്സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി.’’
വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സിലെ പോസ്റ്റില്‍ ഇങ്ങനെ കുറിച്ചു.
ടെഹ്റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ആൻ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ. ശനിയാഴ്ചയാണ് ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. 4 മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.