ന്യൂഡല്‍ഹി: കാസര്‍കോട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയില്‍ ബി.ജെ.പിക്ക് അധിക വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിഷയത്തില്‍ ജില്ലാ കലക്ടറും റിട്ടേര്‍ണിങ് ഒഫീസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് കമ്മിഷന്‍ സുപ്രിംകോടതിയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് നല്‍കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നായിരുന്നു പരാതി. പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്പോള്‍ രണ്ടെണ്ണം ലഭിക്കുകയായിരുന്നു. കാസര്‍കോട് ഗവ.കോളജില്‍ ഇന്നലെ നടന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയത്.
വോട്ടിങ് യന്ത്രത്തിലെ വിവി പാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവയാണ് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വിഷയം കോടതിയില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സംഭവം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി ആവശ്യപ്പെടുകയായിരുന്നു.