പത്തനംതിട്ട: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ പത്തനംതിട്ടയിൽ കോൺഗ്രസിന്റെ ആന്റോ ആന്റണിയും ബിജെപിയുടെ അനിൽ ആന്റണിയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണുന്നത്.
സിപിഐഎം സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സൂചന.ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ തോമസ് ഐസക്ക് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും റാന്നി ഉൾപ്പടെയുള്ള കിഴക്കൻ മേഖലകളിലെ സ്ഥിതി ഇതല്ല.
തോമസ് ഐസക്കിന്റെ പോസ്റ്ററുകളോ കട്ടൗട്ടുകളോ കാണണമെങ്കിൽ കിലോമീറ്ററുകൾ തന്നെ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. ഇരുപത്തഞ്ച് വർഷക്കാലം റാന്നി എംഎൽഎ ആയിരുന്ന സിപിഐഎമ്മിന്റെ രാജു ഏബ്രഹാമിന് സീറ്റ് നൽകാത്തതെന്നാണ് അണികളുടെ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന.
കോൺഗ്രസ് മണ്ഡലമായ റാന്നി പിടിച്ചെടുത്തു തുടർച്ചയായ അഞ്ചു തവണയാണ് രാജു ഏബ്രഹാം റാന്നിയുടെ എംഎൽഎയായി തുടർന്നത്.എന്നാൽ കഴിഞ്ഞ തവണ മണ്ഡലം കേരള കോൺഗ്രസ് എമ്മിന് കൈമാറി.നിലവിൽ കേരള കോൺഗ്രസ് എമ്മിന്റെ അഡ്വ പ്രമോദ് നാരായനാണ് ഇവിടുത്തെ എംഎൽഎ.അന്ന് സിപിഐഎം നേതൃത്വം രാജു ഏബ്രഹാമിനോട് പറഞ്ഞത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്നായിരുന്നു.എന്നാൽ സീറ്റ് നൽകിയത് ആലപ്പുഴക്കാരനായ തോമസ് ഐസക്കിനായിരുന്നു.
രാജു ഏബ്രഹാം തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി മുൻനിരയിൽ ഉണ്ടെങ്കിലും ഇടതുപക്ഷ കോട്ടയായ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇതിന്റെ സർവ്വ ഏനക്കേടുകളും കാണാൻ സാധിക്കുന്നുണ്ട്.അതിനാൽ തന്നെ ആന്റണിമാരിൽ ആര് ജയിക്കും എന്നതു മാത്രമാണ് ഇനി അറിയാനുള്ളത്.