തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നതിന്റെ ചെലവ് വഹിക്കേണ്ടത് സംസ്ഥാന സർക്കാർ.
സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സർക്കാർ ഇതിന് അധികം പണം കണ്ടെത്തേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞ രണ്ടു ദിവസം എറണാകുളം,തൃശ്ശൂർ,തിരുവനന്തപുരം ജില്ലകളില്‍ പ്രധാനമന്ത്രി നടത്തിയ സന്ദർശനത്തിന് സംസ്ഥാന സർക്കാരിനുണ്ടായ ചെലവ് ഒരു കോടി രൂപയാണ്. ടൂറിസം വകുപ്പ് ധന വകുപ്പിന് നല്‍കിയ കത്തിലാണിതുള്ളത്.
വി.വി.ഐ.പികളുടെ സംസ്ഥാന സന്ദർശന സൗകര്യമൊരുക്കേണ്ടത് ടൂറിസം വകുപ്പാണ്.മാസത്തില്‍ രണ്ടു തവണ വീതം പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. ജനുവരി മുതല്‍ ഇതു വരെയുള്ള ചെലവ് 1.85 കോടിയാണ്. മാർച്ച് 15, 19 തീയതികളിലെ സന്ദർശനത്തിന് 25 ലക്ഷം രൂപയാണ് ടൂറിസം വകുപ്പിന് അനുവദിച്ചത്. ഫെബ്രുവരി 27, 28 തീയതികളിലെ മോദിയുടെ സ്വീകരണത്തിനും, ജനുവരിയിലേതിനും 30 ലക്ഷം വീതവും.