KeralaNEWS

കാലതാമസം മൂലം 90% സ്ഥാപനങ്ങളും കെ ഫോണില്‍നിന്ന് പിന്‍വാങ്ങി; കിഫ്ബി വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക് സേവനമായ കെ ഫോണിന്റെ വാണിജ്യ കണക്ഷനെടുക്കാന്‍ താല്‍പര്യമറിയിച്ച സ്ഥാപനങ്ങളില്‍ 90 ശതമാനവും പിന്‍വാങ്ങി. കണക്ഷന്‍ നല്‍കുന്നതിലുണ്ടായ താമസമാണു കാരണം. കഴിഞ്ഞ ജൂണില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു മൂന്നുമാസത്തിനകം 1.34 ലക്ഷം സ്ഥാപനങ്ങളാണു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കണക്ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. ഇവരെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടപ്പോഴാണ് 10% ഒഴികെയുള്ളവര്‍ മറ്റു കണക്ഷന്‍ എടുത്തെന്നു വ്യക്തമായത്.

ഗാര്‍ഹിക കണക്ഷനു വേണ്ടിയുള്ള 52,000 റജിസ്‌ട്രേഷനുകളും ആപ്പില്‍ ലഭിച്ചിരുന്നു. ഇവയുടെ സ്ഥിതിയെന്തെന്ന പരിശോധനയിലാണു കെ ഫോണ്‍. കഴിഞ്ഞ ജൂണില്‍ താരിഫ് പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെ 5000 വാണിജ്യ കണക്ഷന്‍ മാത്രമേ നല്‍കാനായിട്ടുള്ളൂ. 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യ കണക്ഷന്‍ നല്‍കാന്‍ പദ്ധതിയിട്ടതില്‍ 7000 കണക്ഷന്‍ മാത്രമാണു പൂര്‍ത്തീകരിച്ചതെന്നും കരാറെടുത്ത കമ്പനി പിന്മാറിയെന്നും മനോരമ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പദ്ധതി നടത്തിപ്പില്‍ സംഭവിച്ച വലിയ പിഴവിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

Signature-ad

ബിസിനസ് പിടിക്കാന്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക് കമ്മിഷന്‍ അടിസ്ഥാനത്തില്‍ കരാര്‍ നല്‍കിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഉപയോഗിക്കാത്ത ഫൈബറുകള്‍ (ഡാര്‍ക്ക് ഫൈബര്‍) ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കു വാടകയ്ക്കു നല്‍കുന്നതിലൂടെ വലിയ വരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 2023ല്‍ 10,000 കി.മീ. ഡാര്‍ക്ക് ഫൈബര്‍ വാടകയ്ക്കു നല്‍കാന്‍ ലക്ഷ്യമിട്ടെങ്കിലും നല്‍കാനായത് 4,300 കി.മീ. മാത്രം.

സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി കുറഞ്ഞ നിരക്കില്‍ 30,000 കെ ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഈ തുക ബജറ്റ് വിഹിതമായി നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും സര്‍ക്കാര്‍ പിന്‍മാറി. മൂന്നുമാസം തുടര്‍ച്ചയായി കണക്ഷന്‍ ഉപയോഗിച്ച ഏഴായിരത്തോളം സ്ഥാപനങ്ങള്‍ക്കു കെ ഫോണ്‍ ആദ്യ ബില്‍ നല്‍കിയിരുന്നു. പണം ആരു നല്‍കുമെന്ന ആശയക്കുഴപ്പം നില്‍ക്കുന്നതിനാല്‍ ഇവരാരും ബില്‍ അടച്ചിട്ടില്ല.

പദ്ധതിക്കു വായ്പ നല്‍കിയ കിഫ്ബിക്കുള്ള തിരിച്ചടവ് ജൂലൈയില്‍ തുടങ്ങേണ്ടതായിരുന്നെങ്കിലും സാമ്പത്തികനില കണക്കിലെടുത്ത് ഒക്ടോബര്‍ വരെ സമയം നല്‍കിയിരിക്കുകയാണ്. 100 കോടി രൂപ വീതം 11 വര്‍ഷത്തേക്കു തിരിച്ചടയ്ക്കണം. ഇതുവരെ വരുമാനമുണ്ടാക്കിത്തുടങ്ങാത്ത സ്ഥിതിക്ക് തിരിച്ചടവ് പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പദ്ധതിക്കായി നല്‍കിയത് 25 കോടി രൂപ മാത്രമാണ്.

Back to top button
error: