എറണാകുളം: മൂവാറ്റുപുഴ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിന്റെ (24) മൃതദേഹം ഏറ്റുവാങ്ങാനാകാതെ കുടുംബം. അരുണാചല്‍ പ്രദേശില്‍ നിന്ന് കേരളത്തിലെത്താന്‍ കൈയില്‍ പണമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അശോക് ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കുമെന്ന് നേരത്തെ എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ ആദ്യം ബന്ധുക്കള്‍ കേരളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങേണ്ടതുണ്ട്. ഏപ്രില്‍ നാലിനാണ് യുവാവിന് മര്‍ദനമേറ്റത്.
വാളകം ജംഗ്ഷനിലെ രുചിക്കൂട്ട് എന്ന ഹോട്ടലിലെ ചൈനീസ് കുക്കായിരുന്നു അശോക് ദാസ്. ഇവിടെ ജോലി ചെയ്യവെ തിരുവാണിയൂര്‍ സ്വദേശിനിയുമായി സൗഹൃദത്തിലായി. ഒരുമാസം മുമ്പ് വാളകം വിട്ട ഇയാള്‍ സംഭവദിവസം തിരിച്ചെത്തി. മദ്യലഹരിയില്‍ വൈകിട്ട് 5.30ന് യുവതിയെ തെരഞ്ഞ് വാടക വീട്ടില്‍ ചെന്നു. യുവതിക്കൊപ്പം താമസിക്കുന്ന അഭിഭാഷകയാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. മടങ്ങിപ്പോയെങ്കിലും രാത്രി വീണ്ടുമെത്തി വാക്കുതര്‍ക്കത്തിനിടെ വീട്ടിലെ ഷോകെയ്സും മറ്റും തല്ലിപ്പൊട്ടിച്ചു.
മുറിവേറ്റ കൈയുമായി ഓടിരക്ഷപ്പെടുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. അശോക് ദാസിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതല്ലെന്ന് ദൃക്സാക്ഷികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മുറിവേറ്റ കൈയുമായി കണ്ടത് ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോകാന്‍ ശ്രമിച്ചതോടെ പിടികൂടി, കെട്ടിയിട്ട് പൊലീസില്‍ അറിയിക്കുകയായിരുന്നു. കെട്ടിയിട്ടശേഷം മര്‍ദിച്ചിട്ടില്ലെന്നും അതിനുമുന്‍പ് മര്ദനമേറ്റോയെന്നറിയില്ലെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി.
എന്നാല്‍, മര്‍ദനത്തെ തുടര്‍ന്നുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അശോക് ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് വാളകം സ്വദേശികളായ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.