കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പു വിജയം ചോദ്യംചെയ്ത് എം. സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എൽ.എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി.
ബാബു വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്തെന്നും സ്വരാജ് ആരോപിച്ചിരുന്നു.
എം. സ്വരാജിന്റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്നും ഹൈക്കോടതിയിലുള്ള ഹർജിയിൽ നടപടികൾ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
തുടർന്നാണ് ഹർജിയിൽ അന്തിമവാദം നടന്നത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ൽ ബാബു വിജയിച്ചത്.