40 കോടി മുടക്കി കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 2023 നവംബര്‍ 15നാണ് ആരംഭിച്ചത്.
വൈദ്യുതി മന്ത്രാലയം നിര്‍ദേശിക്കുന്ന 150 ലുമെന്‍സ് പെര് വാട്ട് സ്പെസിഫിക്കേഷനോടെയുള്ള 40,400 എല്‍ഇഡി ലൈറ്റുകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2,000 സ്മാര്‍ട്ട് എനര്‍ജി മീറ്ററുകളും സ്ഥാപിക്കും. ലൈറ്റുകള്‍ എല്ലാം തന്നെ ഐസി ഫോറുമായി ബന്ധപ്പെടുത്തി ഗ്രൂപ്പ് കണ്ട്രോള് സംവിധാനത്തിലൂടെ നിയന്ത്രിക്കാനും വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും വിളക്കുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ അതു ഐസി ഫോറിലൂടെ മനസിലാക്കി ഉടനടി പരിഹാരം ചെയ്യാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്.
അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന, പരിപാലനം ഉള്‍പ്പടെ ഏഴുവര്‍ഷം വരെയാണ് വാറന്റി.കോര്പറേഷന് പരിധിയിലെ 2263 പ്രാദേശിക റോഡുകളിലും 102 പ്രധാന റോഡുകളിലും 223 ചെറിയ റോഡുകളിലും മൂന്ന് സംസ്ഥാനപാതയിലും മൂന്ന് ദേശീയപാതയിലും ലൈറ്റുകള്‍ സ്ഥാപിക്കും. ഓരോ റോഡിന്റെയും സ്വഭാവവും ഘടനയും അനുസരിച്ച് 20 വാട്ട്സ്, 36 വാട്ട്സ്, 50 വാട്ട്സ്, 70 വാട്ട്സ്, 110 വാട്ട്സ്, 220 വാട്ട്സ് എന്നിങ്ങനെയാണ് വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നത്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതി ബില്ലില്‍ 11.5 കോടിയുടെ ലാഭം നേടാനാകുമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ. കൂടാതെ പരിപാലന ഇനത്തില്‍ വരുന്ന ചെലവില്‍ രണ്ടരക്കോടിയോളം രൂപ ലാഭിക്കാന്‍ സാധിക്കും.