ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ ഈദുൽ ഫിത്തർ ബുധനാഴ്ച ആയിരിക്കും. പൊന്നാനിയിലാണ് ചന്ദ്രക്കല ദൃശ്യമായത്.
സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശവുമായാണ് ഈദുൽ ഫിത്തർ വന്നണഞ്ഞിരിക്കുന്നത്. വിശുദ്ധ റമദാനിൽ ഒരുമാസക്കാലം വ്രതത്തിലൂടെ നേടിയെടുത്ത ഹൃദയവിശുദ്ധിയുമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ നിസ്കാരത്തിന് മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
പുതുവസ്ത്രമണിഞ്ഞും പരസ്പരം ആശ്ലേഷിച്ചും സ്നേഹം പങ്കിട്ടും വിഭവങ്ങൾ ഒരുക്കിയും ഈ സുദിനം കൊണ്ടാടും. പെരുന്നാൾ നിസ്കാരത്തിന് മുമ്പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്തർ സക്കാത് നല്കി പുണ്യമായ കർമങ്ങളിലൊന്ന് പൂർത്തിയാക്കും. ദാനധർമത്തിലും സാമ്പത്തിക സഹായത്തിലും ഇസ്ലാം നൽകുന്ന പ്രധാന പാഠങ്ങളിൽ ഒന്നാണ് ഫിത്തർ സകാത്. ഇതിലൂടെ പെരുന്നാൾ ആഘോഷങ്ങൾ എല്ലാവർക്കും സാധ്യമാക്കുകയും ചെയ്യുന്നു.
ഇതിനിടെ ബംഗ്ലൂരില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി അറിയിച്ചു. എന്നാല്‍ ദക്ഷിണ കനറ മേഖലയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ മംഗ്ലൂര് അടക്കമുള്ള മേഖലയില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.