തിരുവനന്തപുരം: കേരളത്തിലെ സഹകരണബാങ്കുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും കണക്കില്കാണാത്ത ‘ഒളി അക്കൗണ്ടു’കളുണ്ടെന്ന് ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റിപ്പോര്‍ട്ട്. കേന്ദ്ര റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. സി.പി.എമ്മിന്റെ പേര് എടുത്തുപറഞ്ഞാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സി.പി.എമ്മിനും അതിലെ നേതാക്കള്‍ക്കും, വെളിപ്പെടാത്ത അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
കരുവന്നൂര്‍ സഹകരണബാങ്കില്‍ സി.പി.എമ്മിന് കണക്കില്‍ കാണിക്കാത്ത അഞ്ച് അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി. വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്ക്കൊപ്പമാണ്, മറ്റ് സഹകരണബാങ്കുകളിലും കണക്കില്‍ കാണാത്ത അക്കൗണ്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
കരുവന്നൂരിനുപുറമേ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും കണക്കില്‍ കാണിക്കാത്ത പണമുള്ള അക്കൗണ്ടുകളുള്ള 12 സഹകരണ ബാങ്കുകളുടെ പട്ടികയും ഇ.ഡി. നല്‍കിയിട്ടുണ്ട്. സംസ്ഥാന സഹകരണനിയമത്തിനും ബാങ്കിങ് നിയന്ത്രണനിയമത്തിനും വിരുദ്ധമായാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അക്കൗണ്ട് തുടങ്ങിയിട്ടുള്ളതെന്ന നിഗമനത്തിലാണ് ഇ.ഡി.
സംസ്ഥാന സഹകരണനിയമം അനുസരിച്ച് അംഗങ്ങളായ വ്യക്തികള്‍, സര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍, സ്വശ്രയസംഘങ്ങള് എന്നിവയ്ക്കുമാത്രമേ ഒരു പ്രാഥമിക സഹകരണബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാകൂ. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ‘ബാങ്ക്’ എന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ല. ഇതില്‍ ഊന്നിയാണ് ഇ.ഡി. ‘പാര്‍ട്ടി അക്കൗണ്ടുകള്‍’ പിടികൂടാനുള്ള നീക്കം തുടങ്ങിയത്.
ബാങ്കിങ് നിയന്ത്രണനിയമത്തിലെ 56-ാം വകുപ്പിന് വിരുദ്ധമായാണ് സംസ്ഥാനത്തെ പല സഹകരണബാങ്കുകളും പ്രവര്‍ത്തിക്കുന്നതെന്നും ഇ.ഡി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്ന സൂചനയാണ് ഇ.ഡി. നല്‍കുന്നത്.
ഇ.ഡി. റിപ്പോര്‍ട്ടില്‍ പറയുന്ന സഹകരണസ്ഥാപനങ്ങള്‍
* തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
* നടക്കല്‍ സഹകരണ ബാങ്ക്
* മാവേലിക്കര സഹകരണ ബാങ്ക്
* മൂന്നിലാവ് സഹകരണ ബാങ്ക്
* കണ്ടല സഹകരണ ബാങ്ക്
* പെരുങ്കാവിള സഹകരണ ബാങ്ക്
* മൈലപ്ര സഹകരണ ബാങ്ക്
* ചാത്തന്നൂര്‍ സഹകരണ ബാങ്ക്
* ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്സ് സഹകരണ സംഘം
* കോന്നി റീജ്യണല്‍ സഹകരണ ബാങ്ക്
* മാരായമുട്ടം സഹകരണ ബാങ്ക്