ശനിയാഴ്ച രാത്രി താംബരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പിടിയിലായ ഒരാള്‍ ബി.ജെ.പി പ്രവർത്തകനാണ്.
അഗാരം സ്വദേശി എസ്. സതീഷ് (33), സഹോദരൻ എസ്. നവീൻ (31), തൂത്തുകുടി സ്വദേശി എസ്. പെരുമാള്‍ (26) എന്നിവരാണ് പിടിയിലായത്. എഗ്മോറില്‍ നിന്നാണ് ഇവർ ട്രെയിനില്‍ കയറിയത്. രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താംബരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്ലയിംഗ് സ്ക്വാഡും പൊലീസും ചേർന്ന് രാത്രി 9 മണിയോടെ പരിശോധന നടത്തുകയായിരുന്നു.
എട്ട് ബാഗുകളിലായിട്ടായിരുന്നു പണം. 500 രൂപയുടെ നോട്ടുകളായിട്ടാണ് ബാഗിലുണ്ടായിരുന്നത്. പ്രതികള്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോവുകയായിരുന്നു.
മൂന്നുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുനെല്‍വേലിയിലെ ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രനുമായി ബന്ധപ്പെട്ട സ്ഥലങ്ങളായ കില്‍പ്പോക്ക്, ട്രിപ്ലിക്കെയ്ൻ, സാലിഗ്രാമം എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി.
എഗ്മോർ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിന് മുമ്ബ് ഇവിടങ്ങളിലായിരുന്നു പണം സൂക്ഷിച്ചിരുന്നതെന്നാണ് സൂചന. പണത്തിന്റെ ഉറവിടം കണ്ടെത്താനും തിരുനെല്‍വേലി ലോക്‌സഭാ മണ്ഡലത്തില്‍ വിതരണം ചെയ്യാനാണോ പണം സ്വരൂപിച്ചതെന്നുമുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.