എല്ലാവരും കൈയൊഴിഞ്ഞ 24 കാരനെ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ച് കോട്ടയം മെഡിക്കല്‍ കോളജ്. ജോ ആന്റണി എന്ന കോട്ടയം സ്വദേശിയുടെയാണ്, 12 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ 43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി പുറത്തെടുത്തത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്.
ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
നാലു വര്‍ഷം മുമ്പാണ് ജോ ആന്റണിക്ക് ട്യൂമര്‍ കണ്ട് തുടങ്ങിയത്. പിന്നീടത് കാന്‍സറെന്ന് കണ്ടെത്തി. കീമോതെറാപ്പി നല്‍കി. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായതിനാല്‍ എടുത്ത് കളയാന്‍ കഴിയാതെ വന്നു. ട്യൂമര്‍ പെട്ടെന്ന് വളര്‍ന്നതോടെ യുവാവിന് ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. നടക്കാന്‍ പ്രയാസം. കൈ അനക്കാന്‍ വയ്യ. ഇടയ്ക്കിടെ ട്യൂമറില്‍ നിന്നും വെള്ളം കുത്തിയെടുക്കുമ്പോള്‍ ആശ്വാസം ലഭിച്ചിരുന്നു.
വെല്ലൂര്‍, മണിപ്പാല്‍ തുടങ്ങിയ ആശുപത്രികളില്‍ പോയെങ്കിലും ജീവന് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അവരാരും ഏറ്റെടുത്തില്ല. അങ്ങനെയാണ് കോട്ടയം മെഡിക്കല്‍ കോളജിലെത്തുന്നത്. ഡോ. ജയകുമാറിനെ കണ്ട് തങ്ങളുടെ മകന്റെ ദയനീയവസ്ഥ രക്ഷകര്‍ത്താക്കള്‍ വിവരിച്ചു. വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു.
കഴിഞ്ഞ മാസം 25ന് ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. 20 ലിറ്റര്‍ ഫ്ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. തീവ്രപരിചരണത്തിന് ശേഷം രോഗിയെ ഇന്നലെ (വെള്ളി) ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോ തെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.