IndiaNEWS

ബി.ജെ.പി സ്ഥാനാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്നവര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാർട്ടികള്‍ വിട്ടുവന്നവരെന്ന് കണക്കുകള്‍.ഇത്തരത്തില്‍ കൂറുമാറിയെത്തിയവരിലേറെയും കോണ്‍ഗ്രസില്‍ നിന്നാണ്.

ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പറ്റി ‘ദ പ്രിന്റ്’ തയാറാക്കിയ വിശകലന റിപ്പോർട്ടിലാണ് കൂറുമാറിയെത്തിയവരെ സ്ഥാനാർഥികളാക്കിയതിന്റ കണക്കുകള്‍ ഉള്ളത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വേരുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതര പാർട്ടികളില്‍ നിന്നുള്ളവരെ ബി.ജെ.പിയിലെത്തിച്ചതിന് പിന്നില്‍. എന്നാല്‍ പാർട്ടി പ്രവർത്തകരെ ഒഴിവാക്കി സീറ്റും നേട്ടവും മാത്രം ലക്ഷ്യംവെച്ച്‌ വന്നവരെ സ്ഥാനാർഥിയാക്കിയതില്‍ പാർട്ടിക്കുള്ളില്‍ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ബി.ജെ.പി വിവിധ ഘട്ടങ്ങളിലായി 417 സ്ഥാനാർഥികളുടെ പട്ടികയാണ് ഇതുവരെ പുറത്തിറക്കിയത്. അതില്‍ 116 പേർ അതായത് 28 ശതമാനം പേരും മറ്റ് പാർട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയവരാണ്.

Signature-ad

116 പേരില്‍ ഏറ്റവും കൂടുതല്‍ പേർ വന്നത് കോണ്‍ഗ്രസില്‍ നിന്നാണ്. 37 പേരാണ് കോണ്‍ഗ്രസില്‍ നിന്നുള്ളത്.ബി.ആർ.എസില്‍ നിന്ന് ഒമ്ബത്, ബി.എസ്.പിയില്‍ നിന്ന് എട്ട്, ടി.എം.സിയില്‍ നിന്ന് 7, ബി.ജെ.ഡി, എൻ.സി.പി,എസ്.പി എന്നിവിടങ്ങളില്‍ നിന്ന് ആറ് വീതവും, എ.ഐ.എ.ഡി.എം.കെ യില്‍ നിന്ന് നാല് പേരുമാണ് ബി.ജെ.പി സ്ഥാനാർഥി പട്ടികയില്‍ ഇടം പിടിച്ചത്.

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ പോലും പാർട്ടി നേതാക്കളെ തഴഞ്ഞാണ് ബി.ജെ.പി മറ്റുള്ളവർക്ക് സീറ്റ് നല്‍കിയിരിക്കുന്നത്. ഉത്തർപ്രദേശില്‍ പ്രഖ്യാപിച്ച 64 സ്ഥാനാർത്ഥികളില്‍ 20 പേരും മറ്റുള്ള പ്രാദേശിക പാർട്ടികളില്‍ നിന്നുള്ളവരാണ്.

ഹരിയാനയിലാണെങ്കില്‍ 10 സ്ഥാനാർത്ഥികളില്‍ ആറ് പേരും കൂറുമാറിയവരാണ്. മിക്കവരും കോണ്‍ഗ്രസിലുണ്ടായിരുന്നവരാണ്. മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ച 24 സ്ഥാനാർത്ഥികളില്‍ ഏഴും ജാർഖണ്ഡിലെ 14 സ്ഥാനാർത്ഥികളില്‍ 6 പേരും പുറത്ത് നിന്നുള്ളവരാണ്.

തമിഴ്‌നാട് (11), തെലങ്കാന (12), ഒഡീഷ (8) എന്നീ സംസ്ഥാനങ്ങളിലെ 61 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. അതില്‍ 31 സീറ്റുകളും നല്‍കിയിരിക്കുന്നത് മറ്റു പാർട്ടികള്‍ വിട്ട് വന്നവർക്കാണ്. ആന്ധ്രാപ്രദേശില്‍ ആറ് സ്ഥാനാർത്ഥികളില്‍ അഞ്ച് സീറ്റും പാർട്ടിക്ക് പുറത്ത് നിന്നുള്ളവർക്കാണ് നല്‍കിയിരിക്കുന്നത്.

Back to top button
error: