KeralaNEWS

കുടിവെള്ളക്ഷാമത്തിൽ വീർപ്പുമുട്ടി കൊച്ചി

കൊച്ചി: ചുറ്റും വെള്ളമാണെങ്കിലും തൊണ്ട നനയ്ക്കാന്‍ ഒരിറ്റ് വെള്ളം കിട്ടാതെ വലയുകയാണ് എറണാകുളം ജില്ല.മുന്പ് പശ്ചിമകൊച്ചി മേഖലയിലായിരുന്നു കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നതെങ്കില്‍ ഇന്ന് എറണാകുളം ജില്ലയുടെ മിക്ക ഇടങ്ങളിലും വെള്ളം കിട്ടാക്കനിയായി.
ജല സ്രോതസുകള്‍ വറ്റിയുണങ്ങുന്നത് മാത്രമല്ല ജലവിതരണ സംവിധാനത്തിലെ പാകപ്പിഴകളും ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്.

നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പമ്ബിംഗ് സ്റ്റേഷനായ ആലുവയില്‍ നിരന്തരമുണ്ടാകുന്ന യന്ത്രത്തകരാറും പശ്ചിമകൊച്ചിക്കാരുടെ കുടിവെള്ള സ്രോതസായ മരട് പ്ലാന്‍റിലെ പ്രശ്‌നങ്ങളുമൊക്കെയാണ് കുടിവെള്ള വിതരണത്തില്‍ നേരിടുന്ന പ്രധാന തടസങ്ങള്‍.

പച്ചാളം, വടുതല, കലൂര്‍, കടവന്ത്ര, ഇടപ്പള്ളി, പോണേക്കര മേഖലകളിലും പശ്ചിമ കൊച്ചി, ചെല്ലാനം, കണ്ണമാലി തീരമേഖലകളിലും വൈപ്പിനില്‍ എളങ്കുന്നപ്പുഴ, ഞാറക്കല്‍, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്ത് പ്രദേശങ്ങളിലും,തൃക്കാക്കരയില്‍ തെങ്ങോട്, കളത്തിക്കുഴി, ഇടച്ചിറ, മനക്കക്കടവ് പരിസരങ്ങളിലും, തൃപ്പൂണിത്തുറ, ഏരൂര്‍ നഗരസഭയിലെ ചില പ്രദേശങ്ങളിലും ഉദയംപേരൂര്‍ പഞ്ചായത്തിന്‍റെ ഭാഗങ്ങളിലും നെട്ടൂര്‍, കുമ്ബളം, പനങ്ങാട് പ്രദേശങ്ങളിലും കങ്ങരപ്പടി, തേവക്കല്‍, ആലങ്ങാട്, കളമശേരി, കരുമാല്ലൂര്‍, കുന്നുകര, ഏലൂര്‍ ഭാഗങ്ങളിലും പറവൂര്‍ നഗരസഭാ പ്രദേശങ്ങളിലും കൊട്ടുവള്ളിയിലെ ചെമ്മായം ഉള്‍പ്പെടെ വിവിധ മേഖലകളിലും വരാപ്പുഴ, ഏഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാട്ടുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലുമാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായിട്ടുള്ളത്.

Signature-ad

വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ശൃംഖലയുടെ അവസാന ഭാഗങ്ങളായ പച്ചാളം, വടുതല മേഖലകളില്‍ വെള്ളം കിട്ടാക്കനിയാണ്. മറ്റ് പ്രദേശങ്ങളില്‍ വിതരണം ചെയ്ത ശേഷം അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഈ പ്രദേശങ്ങളില്‍ വെള്ളം എത്തുകയുള്ളു. പ്രശ്‌ന പരിഹാരത്തിനായി പച്ചാളത്ത് വാട്ടര്‍ അഥോറിറ്റി വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം നിര്‍മിച്ച ഓവര്‍ഹെഡ് ടാങ്കും ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല.

കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച പൈപ്പുകളിലൂടെ ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളം പമ്ബ് ചെയ്യാന്‍ കഴിയാത്തതിനാലാണ് പുതിയ ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മടികാട്ടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നഗരത്തില്‍ വര്‍ധിച്ചുവരുന്ന കുടിവെള്ള ആവശ്യം കണക്കിലെടുത്ത് ജലവിതരണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നില്ല എന്നതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്.

Back to top button
error: