IndiaNEWS

സഭ പുറത്താക്കിയ വൈദികൻ പള്ളി അടിച്ചുതകര്‍ത്തു; കോയമ്ബത്തൂരില്‍ രണ്ട് പുരോഹിതന്മാരെ പോലീസ് അറസ്റ്റ് ചെയ്തു

കോയമ്ബത്തൂർ: ഈസ്റ്ററിന്റെ തലേ ദിവസം റെയ്‌സ് കോഴ്സ് റോഡിലെ ഓള്‍ സോള്‍സ് സിഎസ്‌ഐ പള്ളി അടിച്ചുതകർത്ത വൈദികരെ പോലീസ് അറസ്റ്റ് ചെയ്തു.

സഭ പുറത്താക്കിയ വൈദികനും, സഹവികാരിയുമാണ് പള്ളി തകർത്തത്.

ഞായറാഴ്ച പുലർച്ചെ നടക്കാനിരുന്ന ഈസ്റ്റർ ശുശ്രൂഷകള്‍ക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ശനിയാഴ്ച രാത്രി പത്തു മണിയോടെ പള്ളി സെക്രട്ടറി പാരിഷ് ഹാള്‍ പൂട്ടി മടങ്ങിയ ശേഷമാണ് സംഭവം. സഭ സസ്‌പെൻഡ് ചെയ്ത വൈദികൻ എൻ.ചാള്‍സ് സാംരാജ്, സഹവികാരി ജെ.രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

മോശമായും അച്ചടക്കമില്ലാതെയും പെരുമാറിയതിന്റെ പേരില്‍ കോയമ്ബത്തൂർ സിഎസ്‌ഐ സഭാ ബിഷപ്പ് ഇരുവരെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് പള്ളി അടിച്ചുതകർക്കാൻ കാരണമെന്ന് പള്ളി സെക്രട്ടറി ആർ.എ.പ്രഭാകർ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പള്ളിയില്‍ ഉണ്ടായിരുന്ന കസേര, മൈക്ക് സ്റ്റാന്റ് തുടങ്ങിയ സാധനങ്ങള്‍ നഷ്ടമായിട്ടുണ്ട്. കൂടാതെ സിസിടിവി ക്യാമറ തകർക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച്‌ ചോദിച്ച പ്രഭാകറിനെ ചാള്‍സ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

Back to top button
error: