ലക്നൗ: ഉത്തർ പ്രദേശിലെ ബിജ്നൂരില്‍ ഹോളി ആഘോഷത്തിന്റെ മറവില്‍ മുസ്ലിം കുടുംബത്തിന് നേരെ അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ വനിത മാധ്യമപ്രവർത്തകയായ സദഫ് അഫ്രീനാണ് എക്സിലൂടെ പുറത്തുവിട്ടത്.
ബിജ്നൂരിലെ ദാംപൂരിലാണ് സംഭവം. ബൈക്കില്‍ വന്ന മുസ്ലിമായ യുവാവും രണ്ട് സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ ഹോളി ആഘോഷിക്കുന്ന ഒരു സംഘം യുവാക്കള്‍ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് പൈപ്പും ബക്കറ്റും ഉപയോഗിച്ച് മൂന്നു പേരുടെയും ദേഹത്ത് വെള്ളം ഒഴിച്ചു. ഇതിന് പിന്നാലെ യുവാവിന്റെയും സ്ത്രീയുടെയും മുഖത്ത് ബലമായി ഹോളി ചായം തേക്കുകയായിരുന്നു.
അക്രമികളില്‍ ഒരാള്‍ കൈയില്‍ മുളവടിയും കരുതിയിരുന്നു. ഏറെ നേരത്തിന് ശേഷം നനഞ്ഞു കുതിർന്ന ബൈക്ക് യാത്രികരെ ജയ് ശ്രീറാം വിളിച്ച് വിട്ടയക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.