2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലം. ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചരണായുധങ്ങളില്‍ ഒന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര പ്രതിയായ ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസ്.
റിയല്‍ എസ്റ്റേറ്റ് ഭീമൻ ഡി.എല്‍.എഫായിരുന്നു കൂട്ടുപ്രതി. 2018 സെപ്റ്റംബറില്‍ ബി.ജെ.പിക്ക് അധികാരം കിട്ടിയതിന് പിന്നാലെ ഡി.എല്‍.എഫിനും വാദ്രക്കുമെതിരെ ഹരിയാന പൊലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു.
എന്നാല്‍, അഞ്ചുവർഷത്തിന് ശേഷം കേസില്‍ നിർണായക വഴിത്തിരിവുണ്ടായി. ഇടപാടുകളില്‍ നിയമലംഘനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് 2023 ഏപ്രിലില്‍ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതിനകം നേടാവുന്നത് അവർ നേടുകയും ചെയ്തിരുന്നു.
ഒന്ന് തിരഞ്ഞെടുപ്പ് വിജയമായിരുന്നെങ്കിൽ മറ്റൊന്ന് കോടികളായിരുന്നു.170 കോടി രൂപയാണ് 2019 ഒക്‌ടോബറിനും 2022 നവംബറിനും ഇടയില്‍ ഡി.എല്‍.എഫ് ഗ്രൂപ്പിൽ നിന്നും ബി.ജെ.പി ‘സംഭാവന’ സ്വീകരിച്ചത്!
ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ടിന്റെ വിശദാംശങ്ങളിലാണ് ഇതുള്ളത്.ഡിഎല്‍എഫ് കൊമേഴ്സ്യല്‍ ഡെവലപ്പേഴ്സ് ലിമിറ്റഡ്, ഡിഎല്‍എഫ് ഗാർഡൻ സിറ്റി ഇൻഡോർ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎല്‍എഫ് ലക്ഷ്വറി ഹോംസ് ലിമിറ്റഡ് എന്നീ മൂന്ന് സ്ഥാപനങ്ങളാണ് ബോണ്ടുകള്‍ വാങ്ങിയത്. ഈ ബോണ്ടുകളുടെയെല്ലാം ഒരേയൊരു ഗുണഭോക്താവ് ബിജെപി മാത്രമായിരുന്നു. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇവർ പണം നല്‍കിയിട്ടില്ല.
1946ല്‍ ചൗധരി രാഘവേന്ദ്ര സിങ് സ്ഥാപിച്ചതാണ് ഡി.എല്‍.എഫ് ഗ്രൂപ്പ്. ഹരിയാന, ഡല്‍ഹി, ഉത്തർപ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തനം. 2022-23 സാമ്ബത്തിക വർഷം 6,012 കോടി രൂപയായിരുന്നു വിറ്റുവരവ്. അറ്റാദായം 2,051 കോടി രൂപയും.