മനുഷ്യൻ യന്ത്രമായി മാറുന്നു, പരസ്പരം സംസാരിച്ചും ചിരിച്ചും ജീവിച്ചാൽ നഷ്ടപ്പെട്ട ഉല്ലാസം തിരിച്ചു വരും
വെളിച്ചം
ലോകത്ത് സന്തോഷത്തില്‍ ജീവിക്കുന്ന ഏഴാമത്തെ രാജ്യമാണ് സ്വീഡൻ. അവർക്ക് ഈ പദവി ലഭിച്ചത് 2023 ലാണ്. തങ്ങള്‍ക്ക് ഈ 7-ാം സ്ഥാനം പോരാ എന്ന് സ്വീഡനിലെ ലുലോ എന്ന നഗരം തീരുമാനിച്ചു. ഏകദേശം 80,000 പേരാണ് അവിടെ താമസിക്കുന്നത്. പൊതുവെ നല്ല ആളുകളാണ് അവിടെയുള്ളത്. പക്ഷേ അവര്‍ തമ്മില്‍ മിണ്ടാട്ടം കുറയുന്നു എന്ന കാര്യം അവിടുത്തെ ഗവണ്‍മെന്റ് കണ്ടുപിടിച്ചു.
തങ്ങളുടെ ജനങ്ങള്‍ക്ക് മുഖപ്രസാദം തീരെയില്ല. നഗരത്തിന്റെ മുഖം തെളിയാന്‍ എന്തുചെയ്യണം എന്നായി അവരുടെ ആലോചന. അതിനൊരു കമ്മിറ്റിയെയും അവര്‍ ഏര്‍പ്പാടാക്കി. മിണ്ടീം പറഞ്ഞും കഴിയുകയാണ് അതിനുള്ള പോംവഴി എന്ന എന്ന തിരിച്ചറിവില്‍ അവരെത്തി. ആരെക്കൊണ്ടെങ്കിലും ‘ഹായ്’ പറയിക്കുക. അതാണ് ‘ലുലോ’ കണ്ടുപിടിച്ച പരിഹാരം. ഈ സന്ദേശം നഗരമാകെ പരത്താന്‍ ഒരു വീഡിയോ സന്ദേശവും അവര്‍ പുറത്തിറക്കി. അതെ ഒരു ‘ഹായ് ‘ പറയുന്നതും ചിരിക്കുന്നതും മിണ്ടുന്നതുമെല്ലാം നമുക്ക് വളരെയധികം ഗുണം ചെയ്യും എന്ന് ശാസ്ത്രം പറയുന്നു.
കുശലാനാന്വേഷണങ്ങളും കൊച്ചുവര്‍ത്തമാനങ്ങളുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അതൊക്കെ നമുക്ക് എവിടേയോ കൈമോശം വന്നിരിക്കുന്നു. എതിരെ വരുന്നവരെ നാം കാണുന്നില്ല. കാണണമെന്നുമില്ല. നമ്മുടെയെല്ലാം ലോകം യന്ത്രം പോലെയായി മാറിയിരിക്കുന്നു.. യന്ത്രത്തിന് സ്‌നേഹമില്ല, സൗഹൃദമില്ല, മന്ദഹാസമില്ല…
‘ലുലോ’ നഗരത്തെപ്പോലെ നമുക്കും ചിന്തിക്കാം… കൊച്ചുവര്‍ത്തമാനങ്ങളും കഥകളും പാട്ടും ചിരികളും നിറയുന്ന ദിനങ്ങളെ നമുക്കും വീണ്ടും വരവേല്‍ക്കാം.
ആഹ്ലാദപൂർണമായ ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ