തീവണ്ടി അപകടത്തില്‍ മരിച്ച സൈനികൻ താഴത്തുകുളക്കട സുദർശനത്തില്‍ എസ്.അഖില്‍ബാബുവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് തിരുവനന്തപുരത്തുനിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി.
എട്ടുമണിയോടെ കൊല്ലം പുത്തൂർമുക്കിലെത്തിച്ച മൃതദേഹം നൂറുകണക്കിന് ബൈക്കുകളുടെയും മറ്റു വാഹനങ്ങളുടെയും ക്വയിലോണ്‍ മല്ലു സോള്‍ജിയേഴ്സിന്റെയും നേതൃത്വത്തില്‍ സൈനികരുടെയും വിമുക്തഭടൻമാരുടെ വിവിധ കൂട്ടായ്മകളുടെയും നാട്ടുകാരുടെയും അകമ്ബടിയോടെ വിലാപയാത്രയായി വീട്ടിലെത്തിച്ചു.
അവധികഴിഞ്ഞ് പുതിയ ജോലിസ്ഥലമായ ലഡാക്കിലെ യൂണിറ്റിലേക്ക് മടങ്ങവേ കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.40-ന് മഹാരാഷ്ട്രയിലെ നവി മുംബൈ പൻവേല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു അഖിൽ ബാബുവിന് അപകടം സംഭവിച്ചത്. പുറത്തിറങ്ങിയ അഖില്‍ബാബു തിരികെ കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീഴുകയായിരുന്നു.
ഒൻപതാം കേരള ബറ്റാലിയൻ എൻ.സി.സി. ലഫ്. കേണല്‍ വിനോദ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സൈനിക സംഘം സൈനിക ഉപചാരങ്ങള്‍ അർപ്പിച്ചു. ആർമി ചീഫ് ഓഫ് സ്റ്റാഫിനുവേണ്ടിയും ഇതര സൈനിക വിഭാഗങ്ങള്‍ക്കുവേണ്ടിയും പുഷ്പചക്രം അർപ്പിച്ചു. അഖില്‍ബാബുവിന്റെ യൂണിഫോമും ദേശീയപതാകയും സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ഭാര്യ ബി.എസ്.രശ്മി കണ്ണീരോടെ ഏറ്റുവാങ്ങി.
കളക്ടർക്കുവേണ്ടി കൊട്ടാരക്കര തഹസില്‍ദാർ എം.കെ.അജികുമാർ, റൂറല്‍ ജില്ലാ പോലീസ് മേധാവിക്കുവേണ്ടി പുത്തൂർ എസ്.എച്ച്.ഒ. എസ്.ചന്ദ്രദാസ് എന്നിവർ പുഷ്പചക്രമർപ്പിച്ചു.