റോം: ഓണ്‍ലൈനിലൂടെ പുറത്തുവിട്ട ഡീപ് ഫെയ്ക് അശ്ലീല വിഡിയോകള്‍ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം തേടി ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ മെലോനി കോടതിയെ സമീപിച്ചു. നിര്‍മിതബുദ്ധി ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഖം മറ്റൊരാളുടേതില്‍ കൃത്രിമമായി ചേര്‍ക്കുന്നതാണ് ഡീപ് ഫെയ്ക്.
വിഡിയോ നിര്‍മിച്ചതെന്നു കരുതുന്ന നാല്‍പതുകാരനെയും പിതാവിനെയും പറ്റി അന്വേഷണം നടക്കുകയാണ്. ഇതിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനു മുന്‍പുള്ളതാണ് മെലോനിയുടെ വിഡിയോകള്‍. 2020 ല്‍ യുഎസിലെ ഒരു അശ്ലീല വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഇത് ലക്ഷക്കണക്കിന് ആളുകള്‍ മാസങ്ങളോളം കണ്ടു.
ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ ധൈര്യം പകരുന്നതിനുവേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും മെലോനി പറഞ്ഞു. ജൂലൈ 2ന് കോടതിയില്‍ ജോര്‍ജ മെലോനി മൊഴി നല്‍കും.