റമദാന്‍ വ്രതവും ക്ഷേത്രോത്സവത്തിലെ താലപ്പൊലിയും ഒരേദിവസം വന്നതോടെ അമ്പലമുറ്റത്ത് നോമ്പുതുറ ഒരുക്കി ജനകീയാഘോഷമാക്കി നാട്ടുനന്മ. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി പുളിവെട്ടിക്കാവ് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഭാരവാഹികളാണ് മതസൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്തു കൊണ്ട് താലപ്പൊലി ആഘോഷം സമാപിച്ച ദിവസം ഇഫ്താര്‍ സംഗമമൊരുക്കിയത്. ക്ഷേത്രത്തിന്റെ മുറ്റത്തെ പന്തലിലാണ് വിഭവങ്ങളൊരുക്കി നോമ്പുതുറ നടത്തിയത്.
ഇതാദ്യമായാണ് ഉത്സവവും റമദാന്‍ വ്രതവും ഒരുമിച്ച് വന്നതെന്നും മുസ്ലിംകളെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോമ്പുതുറ സംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പുളിവെട്ടിക്കാവ് വീരഭദ്രസ്വാമി ക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന താലപ്പൊലി ആഘോഷം സമാപിച്ചത് ഇന്നാണ്.
ഉത്സവത്തിന്റെ ഭാഗമായി കേളികൊട്ട്, പ്രഭാതപൂജ, ഭസ്മാർച്ചന, മേളം, കുടവരവ്, തായമ്പക, കാളവരവ്, പകൽപ്പൂരം, വിവിധ ദേശങ്ങളിൽ നിന്നുള്ള ദേശവരവ് എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളത്ത്, ഡബിൾത്തായമ്പക, ഗാനമേള, കാവുപൂജ, കനലാട്ടം തുടങ്ങിയ ചടങ്ങുകൾ നടന്നു.
മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ അവസാന ദിവസം സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഉത്സവം കാണാനെത്തിയ അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു.