KeralaNEWS

മൂന്നര ഏക്കറിലുള്ള സ്വന്തം ഭൂമിയില്‍ 500 ലധികം ഔഷധസസ്യങ്ങളുമായി ഐടി എഞ്ചിനീയർ

കൊച്ചി: ചോറ്റാനിക്കര ഐരക്കര വേലില്‍ വീട്ടല്‍ മൂന്നര ഏക്കറിലുള്ള സ്വന്തം ഭൂമിയില്‍ 500 ലധികം ഔഷധസസ്യങ്ങളുമായി വിസ്മയം തീർക്കുകയാണ് ബംഗളൂരുവില്‍ ഐ.ടി എന്‍ജിനീയറായ എസെകിയല്‍ പൗലോസ്‌.

നീരാമൃത്, നീർമാതളം, രുദ്രാക്ഷം, പാരിജാതം, കർപ്പൂരം, കുന്തിരിക്കം തുടങ്ങി ഔഷധസസ്യങ്ങളുടെ ഏദൻ തോട്ടമാണ് ഇദ്ദേഹത്തിന്റെ പുരയിടം.കൂടാതെ അണലി വേഗം, ഒലിവ്, കൊടുവേലി, ഇരപിടിയൻ സസ്യം തുടങ്ങി അപൂർവ ഇനം ചെടികളും എസെകിയേലിന്‍റെ ഔഷധ തോട്ടത്തിലെ വേറിട്ട കാഴ്ചകളാണ്.

Signature-ad

 പിതാവ് എ.സി പൗലോസ് ജോലി സംബന്ധമായ യാത്രക്കിടയില്‍ കിട്ടിയ രുദ്രാക്ഷത്തിന്‍റെ തൈ വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് എസെകിയല്‍ ഇത്തരം സസ്യങ്ങളുടെ പിന്നാലെയായത്.400 ലധികം വേറിട്ട സസ്യങ്ങൾ ഇന്നിവിടെയുണ്ട്.

വീടിനു ചുറ്റും തൊടിയിലും പറമ്ബിലും ഔഷധസസ്യങ്ങളും വിദേശ ഇനത്തില്‍പെട്ട അപൂർവ ഇനം മരങ്ങളും നിറഞ്ഞ് നില്‍ക്കുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വീടിന്‍റെ പ്രവേശന കവാടത്തിന് ഇരുവശത്തും അപൂർവ ഇനം ഔഷധ സസ്യങ്ങളെ പ്രത്യേകം സംരക്ഷിച്ച്‌ നിർത്തിയിരിക്കുകയാണ്.

നല്ല വരുമാനം തന്ന ഒരേക്കർ റബര്‍ തോട്ടം വെട്ടിമാറ്റിയാണ് ഇന്റഗ്രേറ്റഡ് ഫാമിങ്ങിനായി എസെകിയല്‍ തന്റെ ഭൂമി ഒരുക്കിയെടുത്തത്.അപൂര്‍വമായ ശിംശിപ, ഒലിവ്, കായാമ്ബൂ തുടങ്ങിയവയും മൂന്നു തരം കറ്റാര്‍വാഴ, ഉദരരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന അയ്യപ്പന, പേ വിഷബാധക്ക് ഉപയോഗിക്കുന്ന അംഗോലം, രാസ്‌നാദി ചെടിയായ അരത്ത, എട്ടുകാലി പച്ച, ആയുര്‍വേദ മരുന്നുകള്‍ക്ക് ഉപയോഗിക്കുന്ന ഗുല്‍ഗുലു, പാവട്ടം, മരമഞ്ഞള്‍, അശ്വഗന്ധ തുടങ്ങിയ ഔഷധസസ്യങ്ങളും ഇവിടെ വളര്‍ത്തുന്നുണ്ട്.

മുറിവുക്കാന്‍ ഉപയോഗിക്കുന്ന ബിറ്റാഡിന്‍ പ്ലാന്റ് എന്ന സസ്യവും ഇവിടെയുണ്ട്. 40 ഇനം പഴവർഗ മരങ്ങളും കൃഷി ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് എത്തിച്ച അപൂർവ ഇനം വാഴകളുടെ ശേഖരവും ഉണ്ട്. ഇത് കൂടാതെ താറാവ്, കരിങ്കോഴി,വളർത്തു മത്സ്യവും കൃഷി ചെയ്യുന്നുണ്ട്. ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന കുളത്തിലാണ് മത്സ്യകൃഷി.

വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും പറമ്ബില്‍ കൃഷിചെയ്യുന്നുണ്ട്. മൂന്നര ഏക്കറിലെ കൃഷി കാണാനും അറിവ് നേടുന്നതിനുമായി നിരവധി സ്കൂളുകളില്‍ നിന്നും വിദ്യാർഥികളുമായി അധ്യാപകരും മറ്റും എത്താറുണ്ടെന്ന് എസെകിയേല്‍ പറഞ്ഞു. 2007-2008 കാലഘട്ടത്തിലാണ് എസെകിയേല്‍ തന്‍റെ ഔഷധ സസ്യശേഖരം ആരംഭിച്ചത്.മാതാവ് സാറാമ്മ പൗലോസും എല്ലാ കാര്യങ്ങള്‍ക്കും ഉപദേശവും പിന്തുണയും നല്‍കുന്നു. ഭാര്യ ശ്രീഷയും മക്കളായ സെഫന്യാഹും സനീറ്റയും കൃഷിയിടത്തില്‍ പിന്തുണയുമായുണ്ട്.

Back to top button
error: