കോട്ടയം: മുന്നണിയില്‍ അതൃപ്തി പുകയുന്നതിനിടെ കോട്ടയത്തും ഇടുക്കിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനുമാണു സ്ഥാനാര്‍ഥികള്‍. ഇടത്, വലതു മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ബി.ഡി.ജെ.എസ് പ്രഖ്യാപനം വൈകുന്നതില്‍ മുന്നണിയില്‍ അതൃപ്തി ശക്തമായിരുന്നു.
കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് പത്തനംതിട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയെ ബി.ജെ.പി ദേശീയ നേതൃത്വമാണു പ്രഖ്യാപിക്കുകയെന്ന നിലപാടിലായിരുന്നു ബി.ഡി.ജെ.എസ്. കോട്ടയത്ത് യു.ഡി.എഫും എല്‍.ഡി.എഫും ഒരു മാസം മുന്‍പു തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു.
ഇതിനുശേഷവും ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതാണു മുന്നണിക്കുള്ളില്‍ കല്ലുകടിക്ക് കാരണമായത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് അണികളെ നിരാശരാക്കുമെന്ന നിലപാടിലാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം. ആശങ്കയും അതൃപ്തിയും നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍, റബറിന് 250 രൂപ വില നിശ്ചയിക്കാതെ സ്ഥാനാര്‍ഥിയാകാനില്ലെന്ന് നിലപാടിലാണ് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തുഷാറിന്റെ ഈ പ്രതികരണം അനുചിതമെന്നും വിമര്‍ശനമുണ്ട്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വരാത്തത് കടുത്ത പ്രതിസന്ധിയാണ് മുന്നണിയില്‍ സൃഷ്ടിച്ചിരുന്നത്. നേരത്തെ ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും കോട്ടയം, ഇടുക്കി സീറ്റുകള്‍ ഒഴിച്ചിടുകയായിരുന്നു.