KeralaNEWS

തൊഴിലാളികളെ പ്രശംസിച്ച് പിണറായി വിജയൻ

തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?’
വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്ത് തൻ്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തൻ്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഈ സർക്കാരിൻ്റെ കാലത്ത് നിരവധി നേട്ടങ്ങൾ നമ്മൾ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വൻകിട പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം സാധ്യമായത് സർക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്.
പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുൻപ് നമുക്ക് പണി തീർക്കാൻ സാധിച്ചെങ്കിൽ, അതിൻ്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്.
ഈ നാടിൻ്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി തൻ്റെ അദ്ധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂർവം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിൻ്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം- പിണറായി വിജയൻ പറഞ്ഞു.

Back to top button
error: