മുക്കില്‍പീടിക സ്വദേശി നാരായണന്‍റെ ഓട്ടോറിക്ഷ പോലീസ് ലേലത്തില്‍ തൂക്കിവിൽക്കുകയിയിരുന്നു.ഇതോടെ ജീവിതമാർഗം വഴിമുട്ടിയ നാരായണൻ നീതി തേടി നിയമപോരാട്ടം നടത്തുകയാണ്.
ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണത്താലാണ് 2018-ല്‍ നാരായണന്‍റെ വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ മേപ്പാടി പോലീസ് പിടിച്ചെടുത്തത്. 1000 രൂപ പിഴയും ഇന്‍ഷുറന്‍സും അടച്ചാല്‍ ഓട്ടോ വിട്ടുനല്‍കാമെന്ന് പോലീസ് അറിയിച്ചു. എറണാകുളത്ത് സെക്യൂരിറ്റി പണി ചെയ്ത് ഇന്‍ഷുറന്‍സ് അടയ്ക്കാനുള്ള പണമുണ്ടാക്കി. എന്നാല്‍ രണ്ട് മാസത്തിന് ശേഷം പോലീസ് സ്റ്റേഷനില്‍ എത്തിയ നാരായണന്‍ കണ്ടത് ഉന്തിക്കൊണ്ടുപോകാന്‍ പോലും കഴിയാത്ത വിധം തകര്‍ത്ത ഓട്ടോയാണ്. സമീപത്തായി ഒരു മണ്ണുമാന്തിയന്ത്രവും.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് കൈമലര്‍ത്തിയ പൊലീസ്, വാഹനം കൊണ്ടുപോകാന്‍ വൈകിയതു കൊണ്ടല്ലേ ഇതെല്ലാം നടന്നതെന്ന് നാരായണനെ കുറ്റപ്പെടുത്തി. ഉള്ളതെല്ലാം പണയപ്പെടുത്തിയാണ് ഓട്ടോ വാങ്ങിയത്. നഷ്ടപരിഹാരത്തിന് വേണ്ടി വര്‍ഷങ്ങളായി അലച്ചിലിലാണ് നാരായണൻ. വക്കീല്‍ ഫീസിന് പണമില്ലാത്തതിനാല്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് നിയമവഴി. ഇതിനിടെ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പോലീസിന്‍റെ റിപ്പോര്‍ട്ട് എത്തി. സ്റ്റേഷന്‍റെ സ്ഥലപരിമിതി കാരണം ഓട്ടോ പാലക്കാടുള്ള ഒരു സ്റ്റീല്‍ കമ്ബനിക്ക് ലേലത്തില്‍ വിറ്റുവെന്ന്.
സ്റ്റേഷന്‍ വളപ്പില്‍ ഓട്ടോ തകര്‍ത്തിട്ടും അത് തൂക്കി വിറ്റിട്ടും ഒന്നും അറിയില്ലെന്ന ഒഴുക്കന്‍ മറുപടിയില്‍ പോലീസ് സുരക്ഷിതരായി. എന്നാല്‍ ജീവിത മാർഗം വഴിമുട്ടിയ നാരായണൻ കൈകൂപ്പി നിയമപാലകർക്ക് മുന്നിൽ ഇന്നും അലയുകയാണ്.
‘ഞാൻ എത്ര പേരുടെ മുന്നില്‍ കണ്ണീർ പൊഴിച്ചു? കഞ്ഞികുടിച്ച് പോണോങ്കി എനിക്കാ ഓട്ടോ കിട്ടിയേ പറ്റൂ, നിസ്സാര പൈസക്കാ അവരത് വിറ്റത്. എന്‍റെ മക്കളുടെ വിദ്യാഭ്യാസം…’- കണ്ണ് നിറഞ്ഞ്, തൊണ്ട ഇടറി പറഞ്ഞുതീർക്കാനാവുന്നില്ല നാരായണന്…!