കാസർകോട് ചട്ടഞ്ചാലിൽ 60 കോടി രൂപ മുടക്കി കോവിഡ് കാലത്ത് നിർമ്മിച്ച ടാറ്റ കോവിഡ് ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായതിന് കൈമാറി. ഇനി ആശുപത്രിയുടെ ഭരണ ചുമതലയും നിയന്ത്രണവും ജില്ലാ പഞ്ചായതിനായിരിക്കും. ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി മാറ്റി കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയതായി അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
ടാറ്റ കംമ്പനി സിഎസ്ആർ തുക ഉപയോഗിച്ചാണ് കണ്ടെയ്നർ മോഡലിൽ ആശുപത്രി പണിതത്. സർക്കാർ സ്പെഷ്യാലിറ്റി ഡോക്ടർ അടക്കം 192 തസ്തികകൾ അനുവദിച്ച് കോവിഡ് കാലത്തും തുടർന്നും നിരവധി പേർക്ക് ചികിത്സ നൽകിയിരുന്നു. അന്ന് അടിയന്തര ഘട്ടത്തിൽ സ്ഥാപിച്ചത് കാരണം ആശുപത്രി ഏതെങ്കിലും വകുപ്പിന്റെ അനുബന്ധ സ്ഥാപനം ആക്കിയിരുന്നില്ല.
ഈ സ്ഥാപനത്തെ നിലവിലുള്ള രീതിയിൽ കൊണ്ടുപോവുക ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സ്ഥിതിചെയ്യുന്ന അഞ്ച് ഏകർ സ്ഥലം റവന്യൂ വകുപ്പിൽ നിന്നും ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. ഇതിനെ അതിതീവ്ര പരിചരണ (Critical Care Unit) ആശുപത്രി മാറ്റുന്നതിന് 35 കോടി രൂപയും സി എച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലിലൂടെ ലഭ്യമായിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി പുതിയ ആശുപത്രി ബ്ലോക് നിർമിക്കുന്നതിന് ഇരുമ്പു കണ്ടെയ്‌നറുകൾ മാറ്റി സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പ്രിഫാബ്രികേഷൻ സാങ്കേതിക വിദ്യയിൽ 81,000 ചതുരശ്ര അടി വിസ്തൃതിയിൽ 125 കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് ആശുപത്രി പണിതത്. റോഡ്, വൈദ്യുതി സൗകര്യങ്ങൾക്കായി സർക്കാരും ഇവിടെ 12 കോടി രൂപ ചിലവഴിച്ചിരുന്നു. കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ടാറ്റ ആശുപത്രി കെട്ടിടം തകരാര്‍ കാരണമെന്നു വിമര്‍ശനമുണ്ടായിരുന്നു. ചൂടുള്ള കാലാവസ്ഥയ്ക്ക് യോജിക്കാത്ത പ്രീഫാബ്രികേഷൻ നിർമിതിയാണ് കെട്ടിടം നശിക്കാൻ കാരണം എന്നാണ് സർക്കാർ അധികൃതർ പറയുന്നത്. അതേസമയം സ്ഥലത്ത് സ്പെഷ്യാലിറ്റി ചികിത്സാലയം ഒരുക്കുന്നത് ആരോഗ്യ മേഖലയിൽ പിന്നാക്കം നിൽക്കുന്ന കാസർകോടിന് പ്രതീക്ഷ പകരുന്നുണ്ട്.
അതിനിടെ ഒഴിവാക്കുന്ന ടാറ്റ ആശുപത്രിയിലെ ബെഡ് അടക്കമുള്ള എല്ലാ സാമഗ്രികകളും കിടത്തി ചികിത്സയ്ക്ക് ഒട്ടും സൗകര്യമില്ലാത്ത മുളിയാർ പ്രാഥമിക ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.