തൃശൂർ: നെതർലൻഡ്സില്‍ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ നെടുപുഴ പോലീസ് പിടികൂടി.
വടൂക്കര എകെജി നഗർ സ്വദേശി പുതിയവീട്ടില്‍ പി.ആർ. പ്രേംകുമാറാണ് (36) അറസ്റ്റിലായത്.
2023 ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. പല സമയങ്ങളിലായി 1,75,000 രൂപ വാങ്ങിയശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പണം തിരികെ നല്‍കാനും തയാറായില്ല. തുടർന്നു ജനുവരിയില്‍ പരാതിക്കാരൻ പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ പ്രതി തമിഴ്നാട്, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നു വിവരം ലഭിച്ചു. പ്രതി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്.
നെടുപുഴ ഇൻസ്പെക്ടർ ഗോപകുമാർ, എസ്ഐ സന്തോഷ്കുമാർ, സിസിപിഒ ജോഷി ജോർജ് എന്നിവരാണു കേസ് അന്വേഷിച്ചത്.